ഇരിട്ടി : കീഴൂരിൽ ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസിനു പുതിയ കെട്ടിടം പൂർത്തീകരിച്ചിട്ട് 2 മാസം ആയിട്ടും കാബിൻ പണിക്കു ഫണ്ട് അനുവദിക്കാതെ റജിസ്ട്രേഷൻ വകുപ്പ് അവഗണന. ഇതേ തുടർന്ന് ഉദ്ഘാടനം അനിശ്ചിതമായി നീളുകയാണ്. ദീർഘ കാലത്തെ ആവശ്യങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 18നാണു മുഖ്യമന്ത്രി ഓൺലൈനായി ശിലാസ്ഥാപനം നടത്തി കെട്ടിടം നിർമ്മാണം തുടങ്ങിയത്.
കീഴൂരിൽ ടിസി റോഡിന് അഭിമുഖമായി റജിസ്‌ട്രേഷൻ വകുപ്പിനു സ്വന്തമായി ഉണ്ടായിരുന്ന 25 സെന്റ് സ്ഥലത്തു വേഗത്തിൽ തന്നെ പുതിയ കെട്ടിടം തയാറായി. കെട്ടിടത്തിനുള്ളിൽ റജിസ്ട്രാറുടെ മുറിയുടെ കാബിൻ തിരിക്കുന്ന ഫാബ്രിക്കേഷൻ പണി മാത്രമാണു അവശേഷിച്ചിട്ടുള്ളത്. ഒരാഴ്ച കൊണ്ട് പൂർത്തിയാക്കാനാകുന്ന ഈ പണിക്കു ഫണ്ട് അനുവദിക്കുന്നതിനു റജിസ്ട്രേഷൻ വകുപ്പ് നടപടി സ്വീകരിക്കാത്തതാണു തടസ്സം എന്നാണു പരാതി.
ഒന്നര കോടി രൂപയോളം മുടക്കി പൂർത്തീകരിച്ച കെട്ടിടത്തിനുള്ളിൽ ചെറിയ തുകയുടേതാണ് ഇനി അവശേഷിപ്പിച്ച പ്രവൃത്തി. കാബിൻ ഒഴികെയുള്ള മറ്റു ഫർണിച്ചർ നിലവിലുണ്ട് താനും. 2018 സെപ്റ്റംബർ 24 മുതൽ വള്ള്യാട് ജനങ്ങൾക്കു എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശത്തു വാടക കെട്ടിടത്തിലാണു സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്.
110 വർഷത്തെ പ്രവർത്തന പാരമ്പര്യം
110 വർഷത്തെ പ്രവർത്തന പാരമ്പര്യമാണ് ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസിനുള്ളത്. 1911 ജനുവരി 3നാണ് ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസ് ആരംഭിക്കുന്നത്. ഉളിയിൽ, നേരംപോക്ക്, കീഴൂർ എന്നിവിടങ്ങളിൽ പ്രവർത്തിച്ച ശേഷം 1982ലാണു കീഴൂരിൽ നിലവിലുള്ള സ്ഥലത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത്. 110 വർഷം പഴക്കമുള്ള രേഖകൾ ഓഫിസിൽ ഉണ്ട്.
ഇവയെല്ലാം നനഞ്ഞ് നഷ്ടപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്താണ് സംസ്ഥാനത്തെ 22 റജിസ്ട്രാർ ഓഫിസുകൾ ഉൾപ്പെടെ 54 സർക്കാർ കെട്ടിടങ്ങൾ കിഫ്ബി സഹായത്തോടെ പുനർനിർമിക്കുന്ന പദ്ധതിയിൽ ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസും ഉൾപ്പെടുത്തിയത്. 39 വർഷം പഴക്കം ഉള്ള പഴയ കെട്ടിടം കാലപ്പഴക്കത്താലും ചോർച്ചയും മൂലം അപകട ഭീഷണിയിൽ ആയിരുന്നു.
ജോലി തിരക്കേറിയ ഓഫിസുകളിലൊന്ന്
ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസിൽ ഒരു വർഷം ഏകദേശം 10 കോടിയോളം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. 5000 ത്തോളം ഭൂമി ക്രയവിക്രയവും 3500 ഓളം ഗഹാൻ റജിസ്ട്രേഷനും ആയിരക്കണക്കിനു ചിട്ടി റജിസ്ട്രേഷനും നടക്കുന്നുണ്ട്.
ഇനി ഹൈടെക് ഓഫീസ് കീഴൂരിൽ റജിസ്ട്രേഷൻ വകുപ്പിനു സ്വന്തമായി 25 സെന്റ് സ്ഥലം ഉണ്ടായിരുന്നെങ്കിലും 6 സെന്റ് സ്ഥലം മാത്രം ഉപയോഗപ്പെടുത്തി ഭൂമിക്കടിയിലെന്ന നിലയിലായിരുന്നു പഴയ കെട്ടിടം. ഇതു പൊളിച്ചുമാറ്റിയാണു പുതിയ കെട്ടിടം പണിതത്. അടിനില പാർക്കിങ്, ഭൂ നിരപ്പിൽ 1–ാം നിലയിൽ ഓഫിസ്, 2–ാം നിലയിൽ റിക്കാർഡ് മുറികൾ എന്നിങ്ങനെയാണു പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾ.
‘ഇരിട്ടി സബ് റജിസ്ട്രാർ ഓഫിസ് എന്ന് പേര് നൽകണം’
പതിറ്റാണ്ടുകളായി ഇരിട്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന സബ് റജിസ്ട്രാർ ഓഫിസിന്റെ പേര് ഇരിട്ടി സബ് റജിസ്ട്രാർ ഓഫിസ് എന്നാക്കി മാറ്റണമെന്നും ആവശ്യമുണ്ട്. ഇരിട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന താലൂക്ക്, ഇരിട്ടി നഗരസഭ, ട്രഷറി, ലാൻഡ് ട്രൈബ്യൂണൽ, ലേബർ വിഭാഗം, ജോയിന്റ് ആർടിഒ, സപ്ലൈ വിഭാഗം, ട്രൈബൽ വിഭാഗം എന്നിവയുടെ ഓഫിസുകൾ എല്ലാം ഇരിട്ടി ചേർത്താണു അറിയപ്പെടുന്നതു എന്നു ചൂണ്ടികാട്ടുന്നു.
‘കാബിൻ പണി പൂർത്തീകരിക്കണം’
കാബിൻ പണി അനന്തമായി നീട്ടിക്കൊണ്ടു പോകാതെ പൂർത്തീകരിച്ചു പുതിയ കെട്ടിടത്തിൽ ഉടൻ ഓഫിസ് പ്രവർത്തനം ആരംഭിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.