കണ്ണൂർ : AIYF 21ആം സംസ്ഥാന സമ്മേളനം ഡിസംബർ 2,3,4 തിയ്യതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഡിസംബർ രണ്ടിന് വൈകീട്ട് നാലിന് കണ്ണൂർ ടൗൺ സ്ക്വയറിൽ AIYF സംസ്ഥാന പ്രസിഡൻ്റ് ആർ സജിലാൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. പതാക-കൊടിമരം – ദീപശിഖ ജാഥകളുടെ സംഗമവും അന്ന് നടക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആർ സജി ലാൽ അധ്യക്ഷത വഹിക്കും.
തുടർന്ന് സംഗീത ശിൽപ്പം, കലാമണ്ഡലം ഷിബ കൃഷ്ണകുമാർ മോഹിനിയാട്ടം അരങ്ങേറും. ഡിസംബർ 3, വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രമുഖ പത്രപ്രവർത്തകനും ദി ടെലഗ്രാപ്പ് പത്രാധിപരുമായ ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ബിനോയി വിശ്വം എം. പി സംസാരിക്കും. പ്രതിനിധി സമ്മേളനം ശനിയാഴ്ച്ചയും തുടരും വൈകീട്ട് ആറിന് സമ്മേളന സമാപനം നടക്കും. അഗത്തി, തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് AIYF ൻ്റെ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ പി സന്തോഷ് കുമാർ, സി. പി ഷൈജൻ, മഹേഷ് കക്കത്ത്, കെ. വി രജീഷ്, കെ ആർ ചന്ദ്രകാന്ത് പങ്കെടുത്തു.