ഇരിട്ടി : അഞ്ചുമാസമായി വാച്ചർമാർക്ക് ശബളം ലഭിക്കാതതിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ( എ.ഐ.ടി.യു.സി) ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും നടത്തി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.ടി ജോസ് ഉദ്ഘാടനം ചെയ്തു.
അഞ്ചുമാസമായി ശബളമില്ലാതെ തൊഴിലെടുക്കുകയാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വാച്ചർമാർ. വർഷങ്ങളായി താല്ക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങിയതോടെ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തുകയായിരുന്നു. വന്യജീവികൾക്ക് മുന്നിൽ ജീവൻ പണയപ്പെടുത്തി രാപകൽ വ്യത്യാസമില്ലാതെ പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കണമെന്നും വേതനം ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാർച്ച് ഓഫീസിന് മുന്നിൽ ഇരിട്ടി എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണാ സമരം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.ടി ജോസ് ഉദ്ഘാടനം നടത്തി. സർക്കാറിനും മുന്നണിക്കും നാണക്കേട് ഉണ്ടാക്കുന്ന ചില ഐ.എഫ്.എസ് ഉദ്ധ്യോഗസ്ഥരാണ് ഇപ്പോൾ വകുപ്പ് ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഉദ്ധ്യോഗസ്ഥരുടെ പ്രവർത്തനം മുഖ്യമന്ത്രിക്കുപോലും അവമതിപ്പ് ഉണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എം.ജി മജൂഥാർ അധ്യക്ഷത വഹിച്ചു.വി.കെ ഗംഗാധരൻ, ബിജു തേൻകുടി എന്നിവർ സംസാരിച്ചു.