കൊട്ടിയൂർ : ടൗണുകളിലെ കടകൾക്കു മുന്നിലുള്ള പുല്ലു പറിച്ചു മാറ്റിയും മാലിന്യം വാരി കളഞ്ഞുമാണ് വയോധിക ശാന്ത ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതൊരു സന്നദ്ധ സേവന പ്രവർത്തനമല്ല. ജീവിത പ്രശ്നമാണ്. വിശപ്പ് അകറ്റാനും തല ചായ്ക്കാൻ സ്വന്തമായി ഒരു ഇടം കണ്ടെത്താനും കഴിയാത്ത വയോധികരുടെയും ദരിദ്രരുടെയും പ്രതിനിധിയാണ് ശാന്ത എന്ന അറുപത്തേഴുകാരി. കൈവശമുള്ള ഏക തിരിച്ചറിയൽ രേഖ എന്നത്, ചെരിപ്പ് കൂടിനു മുകളിൽ ആരോ പേന കൊണ്ട് വലിയ അക്ഷരത്തിൽ എഴുതി കൊടുത്ത വാചകം മാത്രം – പാടത്തുവളപ്പിൽ കൃഷ്ണൻ മകൾ ശാന്ത, തൃശൂർ ജില്ല, പട്ടിക്കാട്, പീച്ചി റോഡ്.
സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ഓരോ ദിവസവും ഓരോ ടൗണിലാണു ശാന്തയുടെ സഹന സാമൂഹിക സേവനം. കച്ചവടക്കാർ എന്തെങ്കിലും നൽകിയാൽ സ്വീകരിക്കും. സുരക്ഷിതമെന്ന് ഉറപ്പുള്ള അമ്പല നടകളിലോ പള്ളി വരാന്തകളിലോ കിടന്നുറങ്ങും. ഈ രീതിയിൽ ജീവിതം തുടങ്ങിയിട്ട് പത്ത് വർഷത്തോളമായി. തൃശൂരിനും കാസർകോടിനും ഇടയിലുള്ള മിക്ക പട്ടണങ്ങളിലും ശാന്ത ചെന്നെത്തിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ല. കൂലിപ്പണിയും വീട്ടുപണികളും ചെയ്താണു ശാന്ത കഴിഞ്ഞിരുന്നത്. രണ്ട് സഹോദരങ്ങളുണ്ട്.
അവർക്ക് ഭാരമാകാതിരിക്കാൻ വേണ്ടിയാണ് ശാന്ത വീട് വിട്ട് ഈ തൊഴിലുമായി ജീവിക്കുന്നത്. സ്ഥിരമായി ഒരു സ്ഥലത്ത് ജോലി ചെയ്ത് കഴിയാനുള്ള ആരോഗ്യവും നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്.
സഹോദരങ്ങളുടെ പേരിലുള്ള റേഷൻ കാർഡിൽ പേരുണ്ട്. ആധാർ കാർഡ് ഉണ്ടെന്ന് ശാന്ത പറയുന്നു എങ്കിലും തനിക്ക് സ്വന്തമായുള്ള രണ്ട് പ്ലാസ്റ്റിക് കൂടുകളിൽ അവ കണ്ടെത്തിയില്ല. കച്ചവടക്കാർ ഭക്ഷണവും പണവും നൽകുന്നതു കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്. അവിവാഹിതയാണ്.
ദരിദ്രർ ഇല്ലെന്ന് അഭിമാനിക്കുന്ന കേരളത്തിലെ യഥാർഥ ദാരിദ്ര്യത്തിന്റെയും സുരക്ഷിതത്വം ഇല്ലാത്ത വയോധികരുടെയും നേർകാഴ്ചയാണ് ശാന്ത. സ്വന്തം നാടായ തൃശൂരിലെ പട്ടിക്കാട്ട് ഒരു ഒറ്റമുറി വീട് എങ്കിലും സ്വന്തമായി വേണം എന്നതാണു ശാന്തയുടെ ജീവിതത്തിലെ ഏക ആഗ്രഹം.
പഞ്ചായത്തോ സർക്കാരോ അത് നൽകുമെന്ന് സമീപകാലം വരെ ശാന്ത പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ ആ പ്രതീക്ഷയും മങ്ങി വരികയാണ്.