• Sat. Jul 27th, 2024
Top Tags

ക്യാന്‍സറിനോട് പൊരുതാനൊരുങ്ങി കണ്ണൂർ.

Bydesk

Dec 9, 2021

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയെ ക്യാന്‍സര്‍ വിമുക്തമാക്കാനുള്ള പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ക്യാമ്പയിനുകള്‍ തുടങ്ങും. തുടക്കത്തിലെ രോഗനിര്‍ണയം നടത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കി ക്യാന്‍സര്‍ രോഗ നിര്‍മ്മാര്‍ജനമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വ്യാപകമായ ക്യാന്‍സര്‍ പരിശോധനാ ക്യാമ്പുകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. വരുന്ന മൂന്നു മാസക്കാലം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ക്യാന്‍സറിനോടുള്ള ഭയം അകറ്റാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ജീവിത ശൈലീബോധവല്‍ക്കരണം, ഗര്‍ഭാശയ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ ക്യാമ്പയിന്‍ എന്നിവ സംഘടിപ്പിക്കും. വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ഇത് നടത്തുക. 14ാം പഞ്ചവത്സര പദ്ധതിയില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ക്യാന്‍സര്‍ വിമുക്ത ജില്ലക്കുള്ള ഫണ്ട് വകയിരുത്തും.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെയും പരിയാരം മെഡിക്കല്‍ കോളേജിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ക്യാന്‍സര്‍ വിമുക്ത ജില്ല പദ്ധതി മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള സംയുക്ത യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യതിഥിയായി. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബാലസുബ്രഹ്മണ്യന്‍ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് പി പി ഷാജിര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി സി ഗംഗാധരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. നാരായണ നായിക്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, ഡി പി എം ഡോ. പി കെ അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *