പാലക്കയം : പാലക്കയത്തെ തകർന്ന റോഡുകൾ വിനോദസഞ്ചാരികൾക്ക് ഭീഷണിയാകുന്നു. ഞായറാഴ്ച രാത്രി പാലക്കയം സന്ദർശിച്ച് മടങ്ങുകയായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരണപ്പെട്ടു. മാട്ടൂൽ നോർത്ത് സിദ്ദീഖാബാദിലെ എ.കെ.മുജീബാണ്(18)മരിച്ചത്. പാലക്കയം-കൈതളം റോഡിലാണ് അപകടമുണ്ടായത്.
രാത്രി 11 മണിയോടെയാണ് സംഭവം. കഴിഞ്ഞ മാസം ഇതിനടുത്തുതന്നെ മറ്റൊരപകടത്തിൽ പുതിയങ്ങാടിയിലെ ശിഹാബുദ്ദീൻ (39) മരണപ്പെട്ടിരുന്നു. രാത്രി ഒമ്പതുമണിക്കായിരുന്നു ഈ അപകടം. പാടെ തകർന്ന നിലയിലാണ് പാലക്കയത്തേക്കുള്ള റോഡുകൾ. മണ്ടളം-ചേറ്റടി-പാലക്കയം റോഡും കൈതളം-പാലക്കയം റോഡും തകർന്ന് തരിപ്പണമായ നിലയിലാണ്. വലിയ കുഴികളും ചിതറിക്കിടക്കുന്ന കല്ലുകളും യാത്രക്കാർക്ക് ബുദ്ധിമുട്ടായിമാറിയിട്ട് വർഷങ്ങളായി.
വീതിയില്ലാത്ത റോഡാണ് കൈതളത്തുനിന്ന് പാലക്കയത്തേക്ക്. കുത്തനെയുള്ള ഇറക്കവും അപകടങ്ങൾക്ക് ഇടയാക്കുന്നു. രണ്ട് റോഡുകളിലൂടെയും കാറുൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഓടാൻ പറ്റാത്ത സ്ഥിതിയാണ്. അതിനാൽ, ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവരുൾപ്പെടെ ടാക്സിജീപ്പുകളിൽ യാത്രചെയ്യേണ്ടി വരുന്നു. വലിയ വാടകയാണ് ഇതിന് വാങ്ങുന്നത്. ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർ സാഹസികയാത്രക്ക് മുതിരുന്നതിനാൽ അപകടങ്ങളും പതിവാകുന്നു.