ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍. കേരളം നല്‍കിയ അപേക്ഷയാണ് ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. രാത്രി വെള്ളം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഒഴുക്കേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സമിതിക്ക് രൂപം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്‍റെ പരാതി തള്ളി ഇന്നലെ തമിഴ്‌നാട് സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്തിട്ടുണ്ട്.
അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നിട്ടില്ല, തുറക്കുന്നതിന് മുന്‍പ് കൃത്യമായി കേരളത്തിനെ വിവരം അറിയിച്ചു. അണക്കെട്ടിലെ വെളളത്തിന്റെ അളവ് നോക്കിയാണ് തുറന്നത്. മുല്ലപ്പെരിയാറില്‍ സംയുക്തസമിതി വേണമെന്ന കേരളം ഉന്നയിച്ച ആവശ്യം തളളണമെന്നും തമിഴ്‌നാട് കോടതിയില്‍ ആവശ്യപ്പെട്ടു.