‘ഈ തുക കൊണ്ട് നിങ്ങൾക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്’. ഡിവൈഎഫ്‌ഐ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണം ചെയ്‌ത ഭക്ഷണ പൊതിയ്‌ക്കുള്ളിൽ 200 രൂപ നോട്ടിനൊപ്പം ഈ വരികളെഴുതിയ ആളെ തിരയുകയാണ് ഇപ്പോൾ നവമാധ്യമങ്ങൾ.
മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയുടെ ഭാഗമായി വിതരണം ചെയ്‌ത ഭക്ഷണപൊതിയിലാണ് കുറിപ്പ് കണ്ടെത്തിയത്.
പൊതിച്ചോർ ലഭിച്ച യുവാവ് പൊതിച്ചോറിനൊപ്പം കത്തും തുകയും ലഭിച്ച വിവരം ഡിവൈഎഫ്‌ഐ പ്രവർത്തരെ അറിയിക്കുകയായിരുന്നു. എന്നാൽ ആരാണ് ഇത് എഴുതിയതെന്ന് കണ്ടെത്താനായിട്ടില്ല. നിരവധി പേരാണ് നവമാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെക്കുന്നത്.