അയ്യംങ്കുന്ന്: രണ്ടാം കടവ് -കളിത്തട്ടും പാറ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്.
രണ്ടാം കടവ്- കളിത്തട്ടും പാറ പൂർണമായും റോഡ് തകർന്നു കിടക്കുകയാണ്. റോഡിന്റെ ടാറിംഗ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വാഹനങ്ങൾക്ക് കടന്നുപോകാൻ വരെ ഏറെ പ്രയാസമാണ്. കൂടാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൽകൂടി വാഹനങ്ങൾ പോകുന്പോൾ കല്ലുകൾ കാൽനട യാത്രക്കാരുടെമേൽ തെറിക്കുന്നതും പതിവാണ്.
ഈ പ്രദേശത്തു വാഹനഗതാഗതം ഏറെ ദുഷ്കരം ആയിരിക്കുകയാണ്. ഉത്തര മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ചേട്ടയിപ്പാറ, വാണ, കൂമ്പൻ മല , അച്ചനോളിച്ച് പാറ, അടക്കമുള്ള റോഡാണിത്. ഈ റോഡിനോട് അൻഫോൻസാമ്മ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ട്.
ഈറോഡിനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നാട്ടുകാർ പറയുന്നു. തെരഞ്ഞെടുപ്പിൽ ഏറെ ചർച്ചാവിഷയമായിരുന്ന റോഡ് ഈ സർക്കാരിന്റെ കാലത്ത് ടാർ ചെയ്യും എന്നുള്ള പ്രതീക്ഷയിലാണ് നാട്ടുകാർ.
പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് ടാറിംഗ് ചെയ്യുമെന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമതിയുടെ കാലത്ത് ഉറപ്പ് നൽകിയെങ്കിലും അതും നടപ്പാക്കാതെ വന്നതോടെ നാട്ടുകാർ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിച്ചിരിക്കുകയാണ്.
റോഡിന് ഫണ്ട് അനുവദിച്ചതായി പല പ്രഖ്യാപനങ്ങളും വന്നെങ്കിലും ഇന്നുവരെ റീടാറിംഗ് പോലും നടത്താൻ അധികൃതർ തയാറാകാത്തത് ജനങ്ങളിൽ കടുത്ത എതിർപ്പിനെ കാരണമായിരിക്കുകയാണ്.