തിരുവനന്തപുരം: പച്ചക്കറി വിലകുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി ആന്ധ്രാപ്രദേശില്‍ നിന്ന് 10 ടണ്‍ തക്കാളി കൃഷി വകുപ്പ് കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച തക്കാളി 48 രൂപയ്ക്കാണ് ഹോര്‍ട്ടിക്കോര്‍പ്പ് വഴി വില്‍ക്കുന്നത്. ആനയറ ഹോര്‍ട്ടിക്കോര്‍പ്പ് ഗോഡൗണില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ തക്കാളി ഏറ്റുവാങ്ങി. ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റ് വഴിയും തക്കാളി വണ്ടി വഴിയും തക്കാളി വില്‍ക്കും.
അതേസമയം പച്ചക്കറി വിലക്കയറ്റം പിടിച്ച് നിര്‍ത്താനായെന്നും പതിവ് വിലക്കയറ്റം ക്രിസ്തുമസിന് ഉണ്ടായില്ലെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോര്‍ട്ടികോര്‍പ്പ് ഇടപെടല്‍ തുടങ്ങി. ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊര്‍ജിതമാക്കും. ഉത്തരേന്ത്യയില്‍ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കും. വില കുറയുന്നത് വരെ ഹോര്‍ട്ടികോര്‍പ്പ് ചന്തകള്‍ തുടരും. ആഭ്യന്തര പച്ചക്കറി സംഭരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡിസംബര്‍ 29 മുതല്‍ തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ പച്ചക്കറി എത്തും. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി എടുക്കാനാണ് തീരുമാനം. പച്ചക്കറി കൃഷി വ്യാപകമാക്കാന്‍ പ്രോത്സാഹനം നല്‍കുമെന്നും പുതുവര്‍ഷത്തില്‍ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.