കണ്ണൂര്‍ :തപാൽ വകുപ്പ് കണ്ണൂർ സിവിൽ സ്റ്റേഷനിൽ നടത്തുന്ന തപാൽ മേള ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
ജനുവരി ഒന്ന് വരെയുള്ള മേളയിൽ പുതുതായി ആധാർ എടുക്കൽ, ബയോമെട്രിക് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിനും വിലാസം മാറ്റുന്നതിനും , നിലവിലെ വിവരങ്ങൾ തിരുത്തുന്നതിനും കൂട്ടിച്ചേർക്കുന്നതിനുമുള്ള സൗകര്യം ലഭിക്കും.
തപാൽ വകുപ്പിന്റെ വിവിധ പദ്ധതികളായ സുകന്യ സമൃദ്ധി യോജന, മറ്റ് സേവിങ്സുകൾ, ഇൻഷുറൻസ്, മൈക്രോ ഇൻഷുറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മേളയിൽ ലഭിക്കും. തപാൽ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും മേളയിൽ സ്വീകരിക്കും. ആധാർ ബുക്കിങ്ങിനായി 0497 2700805 എന്ന നമ്പറിൽ വിളിക്കുക. പോസ്റ്റൽ സൂപ്രണ്ട് പി കെ ശിവദാസൻ, പോസ്റ്റ് മാസ്റ്റർ ഇ പി മഹേഷ് എന്നിവർ പങ്കെടുത്തു.