• Fri. Sep 27th, 2024
Top Tags

വെള്ളമില്ല; കരിഞ്ഞുണങ്ങി കർഷക പ്രതീക്ഷകൾ

Bydesk

Jan 12, 2023

കുറ്റ്യാട്ടൂർ/ചക്കരക്കൽ∙ ജലക്ഷാമത്തെ തുടർന്നു ജില്ലയിലെ രണ്ടാം വിള നെൽക്കൃഷി നാശത്തിലേക്ക്. പാടങ്ങൾ പലതും വറ്റിവരണ്ടു. വിണ്ടുകീറിയ പാടങ്ങളിൽ കർഷകരുടെ പ്രതീക്ഷകൾ കരിഞ്ഞ് ഉണങ്ങുകയാണ്. വായ്പയെടുത്തും സ്വരൂക്കൂട്ടി വച്ചതുമായ പണം കൊണ്ട് കൃഷിയിറക്കിയ കർഷകർ പെരുവഴിയിലായി. കാലാവസ്ഥാ മാറ്റവും തുലാമഴ പേരിൽ ഒതുങ്ങിയതും നെൽക്കൃഷിയെ പ്രതികൂലമായി ബാധിച്ചു. ജലസേചന പദ്ധതിയുടെ പ്രയോജനവും കർഷകർക്കു കിട്ടുന്നില്ല.

കുറ്റ്യാട്ടൂർ– അഞ്ചരക്കണ്ടി മേഖലയിൽ ആശങ്ക

അഞ്ചരക്കണ്ടി, കീഴല്ലൂർ, കൂടാളി, മുണ്ടേരി, കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, നാറാത്ത് എന്നീ പഞ്ചായത്തുകളിലെ നെൽക്കൃഷി കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. മേഖലയിലെ 500 ഓളം ഏക്കറിലെ നെൽ‌ക്കൃഷി നാശത്തിലേക്കു നീങ്ങുകയാണ്. അടിയന്തരമായി മേഖലയിൽ വെള്ളം ലഭ്യമാകുന്നില്ലെങ്കിൽ പാടേ കൃഷി നശിക്കുമെന്ന് കർഷകർ മുന്നറിയിപ്പു നൽകുന്നു. രണ്ടാം വിള കൃഷിയുടെ 2 മാസം വളർച്ചയുള്ള നെൽച്ചെടികളാണു കരിഞ്ഞുണങ്ങുന്നത്.

കുറ്റ്യാട്ടൂർ– അഞ്ചരക്കണ്ടി മേഖലയിലെ കൃഷി സംരക്ഷിക്കുന്നതിന് പഴശ്ശി ജലസേചന പദ്ധതിയിൽ നിന്നു പ്രദേശത്തേക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വെള്ളം എത്തിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പഴശ്ശി പദ്ധതിയിൽ നിന്നു കനാലുകൾ ഉണ്ടെങ്കിലും വെള്ളമെത്തിക്കുന്നതിനു നടപടിയില്ലാത്തതാണു തിരിച്ചടി. മട്ടന്നൂർ –പഴശ്ശി പുഴയിൽ നിന്നു പമ്പ് ചെയ്ത് അനുബന്ധ കനാലുകൾ വഴിയാണു വേനൽക്കാലത്ത് കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കേണ്ടത്. ഓരോ വർഷവും, ഇത്തവണ കൃത്യമായി വെള്ളം നൽകുമെന്ന് അധികൃതർ ഉറപ്പു നൽകാറുണ്ടെന്ന് കർഷകർ പറയുന്നു. പക്ഷേ, കിട്ടാറില്ല. 40 വർഷങ്ങൾക്കു മുൻപ് നിർമിച്ചതാണ് കനാലുകൾ. കാലപ്പഴക്കത്താൽ മണ്ണടിഞ്ഞും കാടുമൂടിയുമുള്ളതിനാൽ കനാൽ വഴി വെള്ളം ലഭ്യമാകുന്നില്ല. കനാലിന്റെ ചോർച്ചയും ജലവിതരണം നിലയ്ക്കാൻ കാരണമായി. വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് കേരള കർഷക സംഘം നിവേദനം നൽകിയിട്ടുണ്ട്.

പഴശ്ശി കനാൽ നവീകരിച്ച് കാർഷിക ആവശ്യത്തിന് വെള്ളം ലഭ്യമാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴായതാണ് കാർഷിക മേഖലയുടെ പ്രതിസന്ധിക്കു കാരണമാകുന്നത്. ജില്ലയിലെ 2500 ഹെക്ടറോളം വരുന്ന കൃഷിഭൂമിയിൽ വെള്ളം ലഭ്യമാക്കുക എന്നതായിരുന്നു പഴശ്ശി പദ്ധതിയുടെ ലക്ഷ്യം. എന്നാൽ പഴശ്ശി കനാൽ വഴിയുള്ള ജലവിതരണം കാര്യക്ഷമമായി നടന്നതേയില്ല. ഇതോടെ പഴശ്ശി ജലസേചന പദ്ധതിയെ ആശ്രയിച്ച് കൃഷി ചെയ്ത ഭാഗങ്ങളിൽ കൃഷി താറുമാറായി. കൃഷി ആവശ്യത്തിന് കനാൽ വഴി വെള്ളം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് കനാൽ നവീകരിച്ചു വെള്ളം ലഭ്യമാക്കാനുള്ള പദ്ധതിക്കു തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി തനതു ഫണ്ട്, കേന്ദ്രത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് എന്നിവയിൽ നിന്നുള്ള 17 കോടി രൂപ ഉപയോഗിച്ച് ആദ്യ ഘട്ട ജോലി ആരംഭിച്ചു. പഴശ്ശി അണക്കെട്ടിൽ നിന്ന് പറശ്ശിനിക്കടവ് വരെ 42 കിലോമീറ്റർ ദൈർഘ്യമുള്ള മെയിൽ കനാൽ, മാഹി ബ്രാഞ്ച് കനാൽ എന്നിവയുടെ നവീകരണമായിരുന്നു ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി കനാലിന്റെ ചോർച്ചയുള്ള ഭാഗങ്ങളിൽ ഇരുവശവും ചെങ്കൽ പാകി ഉറപ്പിക്കുകയും കോൺക്രീറ്റ് സ്ലാബ് മാതൃകയിൽ കനാലിന്റെ അകം നിരത്തുകയും ചെയ്തെങ്കിലും ഗുണമുണ്ടായില്ല.

ജീവനക്കാരുടെ അഭാവം പഴശ്ശി കനാൽ നവീകരണ പദ്ധതിക്ക് തടസ്സമായെന്നാണ് അധികൃതരുടെ വാദം. നേരത്തേ പഴശ്ശി ജലസേചന പദ്ധതിക്കു കീഴിൽ 3 ഡിവിഷനും 5 സബ് ഡിവിഷനും 17 സെക്‌ഷൻ ഓഫിസും ഉണ്ടായിരുന്നത് ഇപ്പോൾ ഓരോ ഡിവിഷൻ, സബ് ഡിവിഷൻ ഓഫിസും 4 സെക്‌ഷൻ ഓഫിസുമായി ചുരുങ്ങി.കയ്യേറ്റം തടയൽ, കനാൽ ഭൂമി സർവേ തുടങ്ങിയ ആവശ്യങ്ങൾക്കു ജീവനക്കാർ പോയാൽ പിന്നെ കനാൽ നവീകരണ പ്രവൃത്തിയിൽ ശ്രദ്ധിക്കാൻ ആളില്ലാത്ത സ്ഥിതിയാണെന്നും അധികൃതർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *