• Fri. Sep 27th, 2024
Top Tags

മട്ടന്നൂർ അഗ്നിരക്ഷാ നിലയം നിർമാണം പുരോഗമിക്കുന്നു

Bydesk

Jan 26, 2023

മട്ടന്നൂർ ∙ ആധുനിക സൗകര്യങ്ങളോടു കൂടി നിർമിക്കുന്ന അഗ്നിരക്ഷാ നിലയത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. അഞ്ചരക്കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. മട്ടന്നൂർ – തലശേരി റോഡിൽ ജലസേചന വകുപ്പിൽ നിന്നു കൈമാറിക്കിട്ടയ സ്ഥലത്താണ് ഫയർ സ്റ്റേഷൻ നിർമിക്കുന്നത്. ഫയർസ്റ്റേഷൻ നിർമാണത്തിന് 5.53 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. ഓവർഹെഡ് ടാങ്ക്, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ ഫയർ ആൻഡ് റെസ്‌ക്യൂ സെന്ററിന്റെ ഭാഗമായി ഉണ്ടാകും.

2 വർഷം മുൻപ് സംസ്ഥാന ബജറ്റിൽ അഗ്നിരക്ഷാ നിലയം നിർമാണത്തിന് തുക വകയിരുത്തിയെങ്കിലും എസ്റ്റിമേറ്റിന് അനുസരിച്ചുള്ള തുക തികയാത്തതിനാൽ പ്രവൃത്തി ടെൻഡർ ചെയ്യാനും നിർമാണ പ്രവൃത്തി തുടങ്ങാനും കഴിഞ്ഞില്ല. സ്വന്തം ഓഫിസില്ലാത്തതിനാൽ പലയിടങ്ങളിലായി വാടകക്കെട്ടിടത്തിലാണ് അഗ്നിനിരക്ഷാ നിലയം പ്രവർത്തിക്കുന്നത്.

വെള്ളിയാംപറമ്പിലെ വാടകക്കെട്ടിടം മഴക്കാലത്ത് തകർന്നതിനെ തുടർന്ന് അഗ്‌നിരക്ഷാ നിലയത്തിന്റെ പ്രവർത്തനം നഗരസഭയുടെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇതും ഒഴിയേണ്ടി വന്നു. വായന്തോട് വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

ഒന്നര ഏക്കർ സ്ഥലമാണ് ഫയർസ്റ്റേഷൻ നിർമാണത്തിനായി ജലഅതോറിറ്റിയിൽ നിന്ന് ലഭിച്ചത്. സ്ഥലം ലഭ്യമായി പത്തു വർഷത്തോളം കഴിഞ്ഞിട്ടും ഓഫിസ് നിർമാണത്തിനുള്ള നടപടികൾ നീളുകയായിരുന്നു. ഇതിനിടെയാണ് 6 മാസം മുൻപ് പ്രവൃത്തി ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനുളള ശ്രമത്തിലാണ് അധികൃതർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *