ടി20 ലോകകപ്പ് (ICC Men’s T20 World cup) 2024ലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഇന്നിറങ്ങുകയാണ്. ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ലോകോത്തര താരങ്ങളാല്‍ സമ്പുഷ്ടമായ ടീം ഇന്ത്യ ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ മികച്ച വിജയം നേടുമെന്ന് ഉറപ്പാണ്. ടീമെന്ന നിലയില്‍ ഇന്ത്യയുടെ ഒത്തിണക്കവും ഒരുക്കങ്ങളും വിലയിരുത്താനുള്ള മല്‍സരമെന്ന നിലയില്‍ കൂടി ഇന്നത്തെ മാച്ചിന് പ്രാധാന്യമുണ്ട്. അടുത്ത മല്‍സരം ശക്തരായ പാകിസ്താനെതിരേയാണ് എന്നതിനാല്‍ അതിനു മുമ്പ് പോരായ്മകളെല്ലാം പരിഹരിക്കേണ്ടതുണ്ട്.
ടീം ഇന്ത്യയുടെ ഭാഗമായ മലയാളി താരം സഞ്ജു സാംസണും (Sanju Samson) ന്യൂയോര്‍ക്കില്‍ പരിശീലനം നടത്തിവരികയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കുമോയെന്ന് കണ്ടറിയണം. ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്ന താരത്തിന് ഇന്ന് അവസരം ലഭിച്ചില്ലെങ്കില്‍ പോലും തുടര്‍ന്നുവരുന്ന മല്‍സരങ്ങളില്‍ ഇടംലഭിക്കുമെന്നാണ് പ്രതീക്ഷ.
ബിസിസിഐ അപ്ലോഡ് ചെയ്ത ഒരു വീഡിയോ അഭിമുഖത്തില്‍ സഞ്ജു നല്ല ആത്മവിശ്വാസത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. തന്റെ കരിയറില്‍ ഇതുവരെ ശേഖരിച്ച എല്ലാ അനുഭവങ്ങളും ഇന്ത്യയുടെ ടി20 ലോകകപ്പ് പോരാട്ടങ്ങളില്‍ ഉപയോഗപ്പെടുത്താനാവുമെന്ന് അദ്ദേഹം കരുതുന്നു.
10 വര്‍ഷത്തെ പരാജയങ്ങളും കുറച്ച് വിജയങ്ങളും തനിക്ക് വലിയ അനുഭവങ്ങളായിരുന്നുവെന്ന് സഞ്ജു പറയുന്നു. ലോകകപ്പിന് മുന്നോടിയായി കഴിയുന്നത്ര മികച്ച രീതിയില്‍ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം കരുതുന്നു. ‘യഥാര്‍ത്ഥത്തില്‍ ലോകകപ്പില്‍ ഇറങ്ങുന്ന സഞ്ജു സാംസണാണ് ഏറ്റവും സജ്ജമായ അല്ലെങ്കില്‍ പരിചയസമ്പന്നനായ സഞ്ജു സാംസണ്‍. 10 വര്‍ഷത്തെ ഒത്തിരി പരാജയങ്ങള്‍, അവിടെയും ഇവിടെയും ചില വിജയങ്ങള്‍, ജീവിതവും ക്രിക്കറ്റും ഈ നിര്‍ണായക ടൂര്‍ണമെന്റിന് മുമ്പ് അറിയേണ്ടതെല്ലാം എന്നെ പഠിപ്പിച്ചു”-സഞ്ജു പറഞ്ഞു.