ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ ജയത്തോടെയാണ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ അര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് കേവലം 16 ഓവറില്‍ 96ന് എല്ലാവരും പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഇപ്പോള്‍ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. തന്റെ ദേഹത്ത് പന്ത് കൊണ്ടതിനെ കുറിച്ചും രോഹിത് പറയുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍… ”ഇത്തരം പിച്ചില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തീര്‍ത്തും നിശ്ചയമില്ല. അത് ടോസ് സമയത്തും ഞാന്‍ അത് പറഞ്ഞിരുന്നു. അഞ്ച് മാസം മാത്രം പഴക്കമാണ പിച്ചിനുള്ളത്. ഞങ്ങള്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പോലും പിച്ചിന്റെ സ്വഭാവം മാറിയെന്ന് തോന്നിയില്ല. ബൗളര്‍മാര്‍ക്ക് ഏറെ സഹായം ലഭിക്കുന്ന പിച്ചാണിത്. കൃത്യമായ സ്ഥലത്ത് പിച്ച് ചെയ്യിപ്പിച്ചാല്‍ മാത്രം മിതയാവും. അര്‍ഷ്ദീപ് ഒഴികെ മറ്റു പേസര്‍മാര്‍ക്കെല്ലാം ധാരാളം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചുള്ള പരിചയമുണ്ട്. രണ്ട് വിക്കറ്റുകള്‍ ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി.” രോഹിത് പറഞ്ഞു.
ടീം തിരഞ്ഞെടുപ്പിനെ കുറിച്ചും രോഹിത് സംസാരിച്ചു. ”ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍, ഞങ്ങള്‍ക്ക് ബാലന്‍സ് വേണമെന്നായിരുന്നു ആഗ്രഹം. ഇവിടെ നാല് സ്പിന്നര്‍മാരെ കളിപ്പിക്കാനാവില്ല. സാഹചര്യം നോക്കിയാണ് നാല് പേസര്‍മാരെ കളിപ്പിച്ചത്. എനിക്ക് ഇപ്പോഴും അറിയില്ല, ഇത്തരം പിച്ചുകളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന്. പാകിസ്ഥാനെതിരെ വലിയ തയ്യാറെടുപ്പുകള്‍ നടത്തണം. ടീമിലെ എല്ലാം താരങ്ങളും സംഭാവന ചെയ്യേണ്ട തരത്തിലുള്ള പിച്ചാണിത്. പിച്ചില്‍ സമയം ചെലവഴിച്ച് ഷോട്ടുകള്‍ കളിക്കേണ്ടി വരും.” രോഹിത് പറഞ്ഞു. കയ്യില്‍ വളരെ നേരിയ വേദയുണ്ടെന്നും രോഹിത് പറഞ്ഞു. എന്നാല്‍ അദ്ദേഹം പാകിസ്ഥാനെതിരെ കളിച്ചേക്കും.
52 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ രോഹിത് ശര്‍മ തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ രോഹിത് – വിരാട് കോലി (1) സഖ്യമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ കോലി മടങ്ങി. മാര്‍ക്ക് അഡെയ്‌റിന്റെ പന്തില്‍ ബെഞ്ചമിന്‍ വൈറ്റിന് ക്യാച്ച്. തുടര്‍ന്നെത്തിയ റിഷഭ് പന്തിനൊപ്പം (26 പന്തില്‍ 36) – 69 റണ്‍സ് കൂട്ടിചേര്‍ത്താണ് രോഹിത് മടങ്ങിയത്. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ (2) നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെയെ (0) കൂട്ടുപിടിച്ച് പന്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു.