തിരുവനന്തപുരം: ജൂൺ 10 മുതൽ സി.ഐ.ടി.യു പ്രഖ്യാപിച്ച ഡ്രൈവിങ് സ്കൂൾ അനിശ്ചിതകാല സമരത്തെ തള്ളി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ആൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയന്റെ നേതൃത്വത്തിലായിരുന്നു സമരം പ്രഖ്യാപിച്ചത്. സമരം തുടങ്ങുന്നതോടെ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർ ടെസ്റ്റ് സമയത്ത് ഉണ്ടാകില്ലെന്നതായിരുന്നു സ്ഥിതി. എന്നാൽ ടെസ്റ്റ് സമയത്ത് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർവരണമെന്നത് കേന്ദ്ര നിയമമാണെന്ന് മന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രിയുമായി നടന്ന ചർച്ച തൃപ്തികരമല്ലെന്ന് സി.ഐ.ടി.യു നേരത്തെ അറിയിച്ചിരുന്നു. എന്നിട്ടും ജനഹിതം മലസ്സിലാക്കിയാണ് അന്ന് തുടർസമരത്തിലേക്ക് നീങ്ങാതിരുന്നത്. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സമയത്ത് ഡ്രൈവിങ് സ്കൂളുകാർ നിർത്തേണ്ട ഇൻസ്ട്രക്ടർ ടെസ്റ്റ് ഗ്രൗണ്ടിൽ ഉണ്ടായിരിക്കണമെന്ന നിയമം കർശനമാക്കിയത്. ഇതോടൊപ്പം ചർച്ചയിലെടുത്ത തീരുമാനങ്ങൾ സർക്കാർ ഉത്തരവായി ഇറങ്ങിതും ഡ്രൈവിങ് സ്‌കൂളുകാർക്ക് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് സമരത്തിലേക്ക് നീങ്ങിയത്.
10 തീയതി മുതൽ സെക്രട്ടേറിയറ്റിന് മുന്നിലാണ് ആൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ അനിശ്ചിതകാല സമരം തുടങ്ങുന്നത്. ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ കാലപ്പഴക്കം 22 വർഷമാക്കണമെന്നും സ്ലോട്ടുകളുടെ എണ്ണം ഒരു എം.വി.ഐക്ക് 60 ആക്കണമെന്നും സി.ഐ.ടി.യു ആവശ്യം ഉന്നയിച്ചിട്ടുണ്ട്.