ന്യൂഡെൽഹി: ഇ.വി.എം അട്ടിമറിച്ച് 2019- ൽ അധികാരത്തിലെത്തിയ മോദി സർക്കാരിന് 2024 -ൽ വലിയ അട്ടിമറികൾ നടത്തുവാൻ സാധിച്ചില്ലെന്ന് ഡെൽഹിയിലെ കോൺഗ്രസ് നേതാവ് രാജീവ് ജോസഫ്. അതിനുകാരണം, ഇ.വി.എം അട്ടിമറിക്കെതിരെ രാജ്യം മുഴുവനും ചർച്ചകൾ ഉയർന്നതുകൊണ്ടാണ്. എന്നിരുന്നാലും അൻപതോളം മണ്ഡലങ്ങളിൽ തിരിമറികൾ നടന്നിട്ടുണ്ടെന്നും രാജീവ് ജോസഫ് ആരോപിച്ചു. ചുരുങ്ങിയത് 150 മണ്ഡലങ്ങളിൽ അട്ടിമറികൾ നടത്തി നാനൂറിലധികം സീറ്റുകൾ പിടിക്കുവാനാണ് ബിജെപി പദ്ധതി ഇട്ടിരുന്നത്. ഇത് നടക്കാതെ പോയത് ഇ.വി.എമ്മിനെതിരെ അതിശക്തമായ വിമർശങ്ങളും പരാതികളും രാജ്യം മുഴുവൻ ഉയർന്നപ്പോഴാണ്.
ഇ.വി.എം അട്ടിമറികൾക്കെതിരെ ‘ഇന്ത്യാ അലയൻസ് – സപ്പോർട്ടേഴ്‌സ് ഫോറം’ നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. ഇന്ത്യാ സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഊർജ്ജം പകരുവാൻവേണ്ടി, സഖ്യത്തെ പിന്തുണക്കുന്ന 28 പാർട്ടികളുടേയും അണികൾ ഒറ്റക്കെട്ടായി പ്രവർത്തിച്ച ഒരു ജനകീയ മുന്നേറ്റമായിരുന്നു ‘ഇന്ത്യാ അലയൻസ് – സപ്പോർട്ടേഴ്‌സ് ഫോറം’. ഈ ഫോറത്തിന്റെ നേതൃത്വത്തിൽ, രണ്ട് മാസങ്ങൾക്കുമുമ്പ് ഡെൽഹി ആസ്ഥാനമായി ഒരു ‘വാർ റൂം’ ആരംഭിച്ച്, ആറായിരത്തിലധികം വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിക്കൊണ്ടാണ് രാജ്യവ്യാപകമായി സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം നടത്തിയത്.
ഡെൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി – സൗത്ത് ഇന്ത്യൻ സെൽ സംസ്ഥാന ചെയർമാൻ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരം കോർഡിനേറ്റർമാരും നൂറുകണക്കിന് അഭിഭാഷകർ ഉൾപ്പെടുന്ന ഒരു നിയമവിദഗ്ദ്ധ സംഘവുമാണ്, ‘ഇന്ത്യാ അലയൻസ് – സപ്പോർട്ടേഴ്‌സ് ഫോറത്തിന്റെ’ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും, ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ രാജ്യവ്യാപകമായി തുടരുമെന്നും ‘ഇന്ത്യാ അലയൻസ് – സപ്പോർട്ടേഴ്‌സ് ഫോറത്തിന്റെ’ ചീഫ് കോർഡിനേറ്റർ രാജീവ് ജോസഫ് വ്യക്തമാക്കി.