• Sat. Oct 5th, 2024
Top Tags

ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ ഓർഡർ ചെയ്യും, തകരാറെന്ന് പറഞ്ഞ് തിരിച്ചയക്കും; തട്ടിപ്പ് കണ്ടെത്തിയതോടെ അറസ്റ്റ്

Bynewsdesk

Jun 11, 2024

കൊച്ചി: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ.  ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും തിരിച്ചെടുക്കാൻ വരുന്ന ജീവനക്കാർക്ക് വ്യാജ മൊബൈൽ ഫോണുകൾ കൊടുത്തുമായിരുന്നു തട്ടിപ്പ്. ഇങ്ങനെ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ  തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷ് (23) ആണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്.

ആമസോൺ മുഖേന വിലകൂടിയ ഫോണുകൾ ഓർഡർ ചെയ്യുകയും ആ ഫോണുകൾ കൊച്ചി നഗരത്തിന്റെ പല സ്ഥലങ്ങളിൽ നിന്ന് ഡെലിവറി ജീവനക്കാരുടെ കൈയിൽനിന്ന് വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് ഫോണുകൾ കേടാണെന്ന് കമ്പനിക്ക് റിപ്പോർട്ട് ചെയ്ത് വീണ്ടും പുതിയത് വാങ്ങുകയായിരുന്നു. ഈ ഫോണുകളും കേടാണെന്ന് റിപ്പോർട്ട് ചെയ്ത പണം തിരികെ വാങ്ങുകയാണ് ചെയ്തിരുന്നത്. പ്രതി തിരികെ കൊടുക്കുന്ന മൊബൈൽ ഫോണുകൾ വിലകുറഞ്ഞ വ്യാജ മൊബൈൽ ഫോണുകളായിരുന്നു.

ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണുകളാണ് ഇയാൾ ഓർഡർ ചെയ്ത് വാങ്ങിയിരുന്നത്. ഓരോ ഇടപാടുകളിൽ നിന്നും ഇയാൾക്ക് ലക്ഷങ്ങളുടെ ലാഭമാണ് കിട്ടിയിരുന്നത്. തട്ടിപ്പ് പോലീസ് തിരിച്ചറിഞ്ഞു എന്ന് അറിഞ്ഞപ്പോൾ കൊടൈക്കനാലിലേക്ക് രക്ഷപ്പെടാൻ ശ്രമവും നടത്തി. പോലീസ് ഇയാളെ പിന്തുടർന്നുവെങ്കിലും രക്ഷപെട്ട് മണ്ണത്തൂർ ഭാഗത്ത് എത്തി. അന്വേഷണത്തിൽ പ്രതി മണ്ണൂർ ഭാഗത്ത് ഉണ്ടെന്നറിഞ്ഞ പോലീസ് ഇയാളെ അവിടെയെത്തി തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

സമാന തരത്തിലുള്ള കേസുകൾ ഇയാൾക്കെതിരെ പിറവം, വാഴക്കുളം, കോതമംഗലം പോലിസ് സ്റ്റേഷനുകളിലും നിലവിലുണ്ട്. ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. നേരത്തെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ, എളമക്കര പോലീസ് സ്റ്റേഷൻ കോട്ടയം മണർകാട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ട്. ഇതിന് പുറമെ മണർകാട് പോലീസ് സ്റ്റേഷനിൽ ഒരു കഞ്ചാവ് കേസും നിലവിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *