ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ നമീബിയയെ കുഞ്ഞന്‍ സ്കോറില്‍ ചുരുട്ടിക്കെട്ടി മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ. ആന്‍റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 17 ഓവറില്‍ വെറും 72 റണ്‍സില്‍ എല്ലാവരും പുറത്തായി. 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് എരാസ്‌മസ് ആണ് നമീബിയയുടെ ബാറ്റിംഗ് നിരയിലെ ടോപ് സ്കോറര്‍. മറ്റൊരാള്‍ കൂടിയേ രണ്ടക്കം കണ്ടുള്ളൂ. കങ്കാരുക്കള്‍ക്കായി സ്‌പിന്നര്‍ ആദം സാംപ നാല് വിക്കറ്റ് നേടി.
നിലവിലെ കുഞ്ഞന്‍ ക്രിക്കറ്റ് ടീമുകളുടെ പട്ടികയിലുള്ള നമീബിയയെ ബാറ്റിംഗിനിയച്ച ഓസീസ് അവരെ അക്ഷാര്‍ഥത്തില്‍ എറിഞ്ഞ് വിറപ്പിക്കുകയായിരുന്നു. ആദ്യ ഓവറുകളില്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് താളം കണ്ടെത്തിയപ്പോള്‍ നമീബിയയുടെ ഓപ്പണര്‍മാര്‍ കുഞ്ഞന്‍ സ്കോറുകളില്‍ മടങ്ങി. നിക്കോളാസ് ഡാവിന്‍ 7 പന്തില്‍ 2 ഉം, മൈക്കല്‍ വാന്‍ ലിങ്കന്‍ 10 പന്തില്‍ 10 ഉം റണ്‍സില്‍ വീണു. 6 പന്തില്‍ 1 എടുത്ത ജാന്‍ ഫ്രൈലിന്‍കിനെ പേസര്‍ പാറ്റ് കമ്മിന്‍സും 9 പന്തില്‍ 3 നേടിയ ജെജെ സ്‌മിത്തിനെ മറ്റൊരു വേഗക്കാരന്‍ നേഥന്‍ എല്ലിസും മടക്കിയതോടെ നമീബിയ 7.4 ഓവറില്‍ 18-4 എന്ന നിലയില്‍ പ്രതിരോധത്തിലായി. പിന്നാലെ വിക്കറ്റ് കീപ്പര്‍ സേന്‍ ഗ്രീനിനെയും (4 പന്തില്‍ 1), ഡേവീസ് വീസിനെയും (7 പന്തില്‍ 1), റൂബന്‍ ട്രംപെല്‍മാനിനെയും (7 പന്തില്‍ 7) സ്‌പിന്നര്‍ ആദം സാംപ പറഞ്ഞയച്ചു.
ഒരറ്റത്ത് ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് എരാസ്‌മസ് മാത്രമായി നമീബിയയുടെ പ്രതീക്ഷ. ഇന്നിംഗ്‌സിലെ 13-ാം ഓവറിലെ അവസാന പന്തില്‍ ബെര്‍നാഡ് സ്കോള്‍സിനെ (2 പന്തില്‍ 0) പറഞ്ഞയച്ച് സാംപ നാല് വിക്കറ്റ് തികച്ചു. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സാംപയുടെ നാല് വിക്കറ്റ് പ്രകടനം. ഇതിന് ശേഷം നായകന്‍ ഗെര്‍ഹാഡ് എരാസ്‌മസിനെയും (43 പന്തില്‍ 36), അവസാനക്കാരനായി ബെന്‍ ഷിക്കോങ്കോ (4 പന്തില്‍ 0) പറഞ്ഞയച്ച് പേസര്‍ മാര്‍ക്കസ് സ്റ്റോയിനിസ് നമീബിയയെ 17 ഓവറില്‍ 72 റണ്‍സില്‍ ഓള്‍ഔട്ടായി.