സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതിനാല്‍ കർശന ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൊതുകിന്‍റെ വ്യാപനം ഇക്കുറി കൂടുതലാണ്. വേനല്‍മഴ തുടങ്ങിയപ്പോള്‍ തന്നെ കൊതുകുകള്‍ വ്യാപകമായി. ഇതിനു മുൻപ് തന്നെ സംസ്ഥാനത്ത് നിരവധി ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതിനാല്‍ കൊതുക് വ്യാപനത്തിന് പിന്നാലെ രോഗബാധിതരുടെ എണ്ണത്തിലും വർധനയുണ്ടായി. മഴ പെയ്തതോടെ വെളളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യം എല്ലായിടത്തും നിലനില്‍ക്കുന്നു. പാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, ടാപ്പിംഗ് നടത്താത്ത റബര്‍ മരങ്ങളിലെ ചിരട്ടകള്‍, ടാര്‍പ്പോളിന്‍ ഷീറ്റുകള്‍, ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ വച്ചിരിക്കുന്ന ട്രേകള്‍ എന്നിവയില്‍ വെളളം കെട്ടിനില്‍ക്കാതിരിക്കാനും, ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിനുളളിലും പരിസരത്തും കെട്ടി നില്‍ക്കുന്ന വെളളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.