ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി കാനഡയ്‌ക്കെതിരായ മത്സരം മാത്രമാണ് ഇന്ത്യക്ക് ബാക്കിയുള്ളത്.
ഒരുഘട്ടത്തില്‍ ഇന്ത്യ പ്രതിരോധത്തിലേക്ക് വീണു. ഇതിനിടെ ആശ്വാസമായി ഇന്ത്യക്ക് അഞ്ച് റണ്‍സ് സൗജന്യമായി ലഭിച്ചു. ഓവറുകള്‍ക്കിടയിലെ സമയം വൈകിപ്പിച്ചതിന് യുഎസിന് പിഴ ലഭിക്കുകയായിരുന്നു. ഓരോ ഓവറിനിടെ 60 സെക്കന്‍ഡ് മാത്രമെ എടുക്കാവൂ. ഇത് മൂന്ന് തവണ തെറ്റിച്ചാല്‍ അഞ്ച് റണ്‍സ് പിഴയായി വിട്ടുകൊടുക്കേണ്ടി വരും. യുഎസിന് ഇന്ന് അതാണ് സംഭവിച്ചതും. മൂന്ന് തവണ അവര്‍ 60 സെക്കന്‍ഡില്‍ കൂടുതലെടുത്തു. ഇതോടെ ഇന്ത്യക്ക് അഞ്ച് റണ്‍സ് ലഭിക്കുകയായിരുന്നു.
നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് യുഎസിനെ തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.