തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുബങ്ങൾ സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ സഹായ ധനം അനുവദിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യമന്ത്രി വീണ ജോർജ് കുവൈറ്റിലേക്ക് പോകും. രക്ഷദൗത്യം ഏകോപിപ്പിക്കും. ഇന്ന് തന്നെ മന്ത്രി കുവൈറ്റിലേക്ക് യാത്ര തിരിക്കും എന്നാണ് വിവരം.
കുവൈറ്റ് ദുരന്തം അതീവ ദുഖകരമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ചികിത്സാ സഹായം അടക്കം സാധ്യമായതെല്ലാം സർക്കാർ ചെയ്യും. കേന്ദ്ര സർക്കാരുമായി ചേർന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കുവൈറ്റ് അപകടത്തില്‍ പത്തനംതിട്ട ജില്ലക്കാരായ അഞ്ച് പേരുടെ മരണം സ്ഥിരീരിച്ചെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. നിരണം സ്വദേശി മാത്യു ജോർജിന്റെ മരണമാണ് ഒടുവിൽ സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി വേഗത്തിലാക്കാൻ നടപടി തുടങ്ങിയെന്ന് മന്ത്രി കൊച്ചിയില്‍ പറഞ്ഞു. പന്തളം സ്വദേശി ആകാശ് എസ് നായരുടെ വീട് മന്ത്രി സന്ദർശിച്ചു.