കണ്ണൂർ: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് 10 ലക്ഷം രൂപ കവറേജുള്ള അപകട ഇന്‍ഷൂറന്‍സ് പോളിസി നല്‍കുന്നു.
തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് കുറഞ്ഞ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപയുടെ അപകട പരിരക്ഷ ലഭിക്കും. അപകടം മൂലമുണ്ടാകുന്ന ആശുപത്രി വാസത്തിന് പരമാവധി ഒരു ലക്ഷം രൂപ ആശുപത്രി ചെലവും ഏഴ് ദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരികയാണെങ്കില്‍ 10,000 രൂപ കണ്‍വാ െലസെന്‍സ് ആനുകൂല്യമായും നല്‍കുന്നു.
മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക് 10 ലക്ഷം രൂപയും പോളിസി ഉടമയുടെ കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വിദ്യാഭ്യാസ ആനുകൂല്യവും നല്‍കുന്നു.
തപാല്‍ വകുപ്പിന്റെ എല്ലാ ശാഖകളിലും ഈ സേവനം ലഭ്യമാണ്.
ആധാര്‍ കാര്‍ഡ്, നോമിനി ആയി നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെ പേരും കൃത്യമായ ജനന തീയതിയും ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടുമാണ് പദ്ധതിയില്‍ അംഗമാകാന്‍ വേണ്ടത്.
തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐ പി പി ബി) അക്കൗണ്ട് തുടങ്ങുന്നതിലൂടെ തൊഴിലുറപ്പ് പദ്ധതി വേതനം പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കും. ആധാറുമായി ബന്ധിപ്പിച്ച് അക്കൗണ്ട് തുടങ്ങുന്നതിനാല്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാം, സബ്‌സിഡികള്‍ എന്നിവ ഐ പി പി ബി അക്കൗണ്ടുകള്‍ വഴി നേരിട്ട് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കുന്നു.
എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് തുടങ്ങുന്നതിലൂടെ വാതില്‍പടിയില്‍ ബാങ്കിങ് സേവനം ലഭ്യമാകും.