• Sat. Oct 12th, 2024
Top Tags

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

Bynewsdesk

Jun 17, 2024

കോഴിക്കോട്: ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൌഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ നിറവിലാണ്. പ്രതികൂല കാലാവസ്ഥ കാരണം സംസ്ഥാനത്ത് ഇത്തവണ ഈദ് ഗാഹുകള്‍ കുറവാണ്.

പ്രവാചകന്‍ ഇബ്രാഹീം, പ്രിയപുത്രൻ ഇസ്മാഈലിനെ ദൈവ കൽപന അനുസരിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്‍റെ ത്യാഗസ്മരണ. പരീക്ഷണത്തിൽ വിജയിച്ച പ്രവാചകൻ ഇബ്രാഹിമിനെ നാഥൻ ചേർത്ത് പിടിച്ചു. അചഞ്ചലമായ വിശ്വാസത്തിന്‍റെ സമര്‍പ്പണത്തിന്‍റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ ദിനം.

മൈലാഞ്ചി മൊഞ്ചുള്ള കൈകള്‍…. പുതുവസ്ത്രമണിഞ്ഞുള്ള പെരുന്നാള്‍ നമസ്കാരം… ബലികർമം…മധുരം… വിഭവസമൃദ്ധമായ ഭക്ഷണം…പെരുന്നാള്‍ വിശ്വാസികള്‍ക്ക് ആഘോഷ ദിനമാണ്. പ്രതികൂല കാലാവസ്ഥയില്‍ സംസ്ഥാനത്ത് ഇത്തവണ ഈദുഗാഹുകള്‍ കുറവാണ്. പെരുന്നാള്‍ നമസ്കാരം പള്ളികളിലാണ്. ബലിപെരുന്നാള്‍ എന്നാല്‍ വിശ്വാസികള്‍ക്ക് ആഘോഷം മാത്രമല്ല. ദൈവത്തിലേക്കുള്ള സമര്‍പ്പണബോധത്തെ ഊട്ടിയുറപ്പിക്കുന്ന ത്യാഗസ്മരണ കൂടിയാണ്.

ബലിപെരുന്നാൾ പകരുന്നത് ത്യാഗത്തിന്‍റെ സന്ദേശമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പെരുന്നാൾ സന്തോഷത്തിനൊപ്പം കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരെ കുറിച്ച് ഓർക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *