ഹരിപ്പാട്: വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടിൽ അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിൽ തടസം പിടിക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ (60) ആണ് മരിച്ചത്. ഇദ്ദേഹം ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ നടന്നിരുന്നു. അയൽ വീട്ടിലെ കുപ്പത്തറയിൽ ചന്ദ്രൻ എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു പാചകം. വൈകുന്നേരം ചന്ദ്രൻ ഇവിടെയെത്തി ലളിതയുമായി വാക്കുതർക്കമുണ്ടായി. കസേര എടുത്തു ലളിതയെ അടിക്കുന്നത് കണ്ട് തടസം പിടിക്കാൻ എത്തിയപ്പോഴാണ് മോഹനൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ശരീരത്തിൽ അക്രമം ഏറ്റതിന്റെ പാടുകൾ ഒന്നും ഇല്ലെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്നും പൊലീസ് പറഞ്ഞു.
ചന്ദ്രനെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തു. ഷീലയാണ് മോഹനന്റെ ഭാര്യ. മക്കൾ: ശ്യാം, ശ്യാമിലി.