സംസ്ഥാനത്ത് കാലവർഷം ശക്തമായി. ന്യൂനമർദ പാത്തിയുടെയും പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീനത്തിലാണ് മഴ ശക്തമായത്. കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ വെള്ളി മുതൽ അതിശക്ത മഴയാണ് പ്രവചനം. കണ്ണൂരിൽ അതിശക്തമായ മഴ പെയ്തു. ഇടിക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തിങ്കൾവരെ കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കാൻ പോകരുത്. ശക്തമായ തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ടും വള്ളവും ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദവും പൂർണമായും ഒഴിവാക്കണം.