തിരുവനന്തപുരം: മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അടുത്ത മൂന്നു ദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത ഉണ്ട്.
ന്യൂനമർദ്ദ പാത്തിയുടെ ഫലമായി പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് അടുത്ത 3 ദിവസം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ 25-06-2024 രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.