വയനാട്: വയനാട് കേണിച്ചിറയില്‍ പശുക്കളെ കൊന്ന കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം രാത്രി പശുവിനെ പിടിച്ച സാബുവിന്റെ വീടിന് സമീപത്തുള്ള കൂട്ടിലാണ് കടുവ വീണത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ രണ്ട് പശുക്കളെ കൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തിയ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കേണിച്ചിറയിലെ ബെന്നിയുടെ വീട്ടിലാണ് കടുവ വീണ്ടും എത്തിയത്. മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറിയായിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേൽ സാബുവിന്‍റെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കൊന്നിരുന്നു.