കാസർകോട്: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ബന്തടുക്ക പടുപ്പിലെ പ്രീതംലാല്‍ ചന്ദാണ് (22) മരിച്ചത്. യുവാവിന്റെ വീടിന്റെ അടുത്ത് വെച്ച് തന്നെയായിരുന്നു അപകടവും സംഭവിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മണ്ണുമാന്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ മറിഞ്ഞു വീഴുകയായിരുന്നു. യന്ത്രഭാഗം യുവാവിന്റെ നെഞ്ചത്തേക്ക് പതിച്ചുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു.
നാട്ടുകാർ ഉടൻ തന്നെ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.