• Sat. Oct 12th, 2024
Top Tags

മസ്റ്ററിംഗ് നിർബന്ധം, ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്

Bynewsdesk

Jun 29, 2024

എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ. രണ്ട് മാസം പിന്നിടുമ്പോഴും തണുപ്പൻ പ്രതികരണമായതോടെ മസ്റ്ററിംഗ് ഇല്ലെങ്കിൽ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുകളും പുറത്ത് വരുന്നു.

ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. ഇത് വഴി സർക്കാർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകൾ തടയാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയും കയ്യിൽ വേണം. ഒപ്പം ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത നമ്പറും. രണ്ട് മാസമായി ഇന്ധന കമ്പനികൾ മസ്റ്ററിംഗ് നടപടികൾ തുടങ്ങിയിട്ട്. എന്നാൽ കിട്ടിയത് തണുപ്പൻ പ്രതികരണം.

കൊച്ചിയിലെ ഒരു ഏജൻസിയിൽ 8500 ഉപഭോക്താക്കളിൽ 500 ൽ താഴെ പേർ മാത്രമാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് ക്യാംപുകൾ നടത്തിയിട്ടും അനക്കമില്ല. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിലുള്ളവർ മാത്രം മസ്റ്ററിംഗ് നടത്തിയാൽ മതിയെന്ന പ്രചാരണമാണോ ഇതിന് കാരണമെന്ന സംശയത്തിലാണ് ഇന്ധന കമ്പനികൾ. ഇതോടെയാണ് അതങ്ങനെ അല്ല എന്ന് വ്യക്തമാക്കി ഇൻഡെൽ, ഭാരത്, എച്ച് പി കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഉപഭോക്താക്കളും എത്രയും വേഗം മസ്റ്ററിംഗ് നടത്തണം. ഉപഭോക്താവ് വിദേശത്തോ മരിച്ച് പോയതോ കിടപ്പ് രോഗിയോ എങ്കിൽ കണക്ഷൻ റേഷൻ കാർഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *