ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും
ഐ.പി.സി.ക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്.) സി.ആർ.പി.സി.ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി.എൻ.എസ്.എസ്.), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി.എസ്.എ.) നിലവിൽ വരും.
ഞായറാഴ്ച അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. അതിനുമുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരംതന്നെയായിരിക്കും.കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകം പരിഹരിച്ച് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.