• Sat. Oct 12th, 2024
Top Tags

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍

Bynewsdesk

Jul 1, 2024

1860ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ പീനല്‍ കോഡും (ഐ.പി.സി.) 1973ലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും (സിആര്‍.പി.സി.) 1872ലെ ഇന്ത്യന്‍ തെളിവ് നിയമവും തിങ്കളാഴ്ചമുതല്‍ ഭാരതീയ ന്യായസംഹിതയ്ക്കും (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷ സംഹിതയ്ക്കും (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ അധീനിയത്തിനുമായി (ബി.എസ്.എ.) വഴിമാറി.

കുറ്റവും ശിക്ഷയും നിര്‍വചിക്കുന്ന ഐ.പി.സി.യില്‍ 511 വകുപ്പുകള്‍ ഉണ്ടായിരുന്നപ്പോള്‍ ബി.എന്‍.എസില്‍ വകുപ്പുകള്‍ 358 ആയി. ഭരണഘടനയില്‍ ഐ.പി.സി. എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിലും ഭേദഗതി വേണ്ടിവരും. പുതിയ നിയമത്തില്‍ ശ്രദ്ധേയമായ ഇരുപതോളം മാറ്റങ്ങളാണുള്ളത്.

കുറ്റകൃത്യത്തെക്കുറിച്ച് ഏത് സ്റ്റേഷനിലും വിവരം നല്‍കാന്‍ കഴിയുന്ന സീറോ എഫ്.ഐ.ആര്‍., ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷയായി സാമൂഹികസേവനം, ഓഡിയോ, വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കുന്നതിനുള്ള അംഗീകാരം, ഡിജിറ്റലായും വിചാരണയടക്കമുള്ള നടപടികള്‍ക്കുമുള്ള അനുമതി തുടങ്ങിയവയാണ് പ്രധാനമാറ്റം.

ക്രിമിനല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പ്രതിയെ റിമാന്‍ഡില്‍ കഴിയുന്ന 90 ദിവസം വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും പോലീസ് കസ്റ്റഡിയില്‍ വിടാമെന്നതടക്കമുള്ള മാറ്റങ്ങളും (വകുപ്പ് 187(2)) പുതിയ നിയമത്തില്‍ ഉണ്ട്. നിലവില്‍ അറസ്റ്റിലായ ശേഷമുള്ള ആദ്യ 15 ദിവസംമാത്രമാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.

കള്ളുകുടിച്ച് ബഹളം വെച്ചാല്‍ സാമൂഹിക സേവനം

ഐ.പി.സി.യില്‍ അഞ്ച് തരം ശിക്ഷയെക്കുറിച്ചേ പറയുന്നുള്ളൂ. വധശിക്ഷ, ജീവപര്യന്തം കഠിനതടവ്, തടവ്, സ്വത്ത് കണ്ടുകെട്ടല്‍, പിഴ എന്നിവയാണ് അവ. ഇതിനു പുറമേ സാമൂഹികസേവനം പുതിയ ശിക്ഷയായി ബി.എന്‍.എസില്‍ ഇടംനേടി.

കള്ളുകുടിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുക, അപകീര്‍ത്തിപ്പെടുത്തല്‍, ചെറിയമോഷണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുക, ആത്മഹത്യാഭീഷണി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് സാമൂഹികസേവനം ശിക്ഷയായി വിധിക്കാന്‍ കഴിയുക.

രാജ്യദ്രോഹക്കുറ്റം പുതിയ കുപ്പിയില്‍

ഐ.പി.സി.യില്‍ വകുപ്പ് 124 എ യില്‍ പറയുന്ന രാജ്യദ്രോഹക്കുറ്റം എന്ന വാക്ക് പുതിയ ക്രിമിനല്‍ നിയമത്തില്‍ ഇല്ല. എന്നാല്‍ ബി.എന്‍.എസിലെ വകുപ്പ് 152 പ്രകാരം രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്‌ക്കെതിരായ പ്രവൃത്തിയുണ്ടായാല്‍ ജീവപര്യന്തംവരെ തടവിന് ശിക്ഷിക്കാം.

ജെന്‍ഡര്‍ ന്യൂട്രല്‍ അല്ല ജാരവൃത്തി

സുപ്രീംകോടതി നേരത്തേ ഭരണഘടനാവിരുദ്ധം എന്ന് വിലയിരുത്തി റദ്ദാക്കിയ ജാരവൃത്തി പുതിയ നിയമത്തില്‍ കുറ്റകൃത്യമായി വീണ്ടും ഇടം പിടിച്ചു. ബി.എന്‍.എസിന്റെ കരടില്‍ ജാരവൃത്തി ഒഴിവാക്കിയിരുന്നു. വിവാഹിതയുമായി ഭര്‍ത്താവല്ലാത്തയാളുടെ ലൈംഗികബന്ധം അഞ്ചുവര്‍ഷംവരെ തടവിനുശിക്ഷിക്കാവുന്ന കുറ്റമായിരുന്നു ഐ.പി.സി.യില്‍.

സുപ്രീംകോടതി 2018-ല്‍ ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ ഭേദഗതിയിലൂടെ ബി.എന്‍.എസില്‍ വകുപ്പ് 84 ഉള്‍പ്പെടുത്തുകയായിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ ആക്കുമെന്ന തരത്തിലുള്ള ചര്‍ച്ച നടന്നെങ്കിലും അഞ്ചുവര്‍ഷം തടവില്‍നിന്ന് രണ്ടുവര്‍ഷത്തിലേക്ക് കുറച്ചതുമാത്രമാണ് മാറ്റം.

സീറോ എഫ്.ഐ. ആര്‍.

ബി.എന്‍.എസ്.എസ്. വകുപ്പ് 173-ലാണ് സീറോ എഫ്.ഐ.ആറിനെക്കുറിച്ച് വിവരിക്കുന്നത്. ഒരാള്‍ക്ക് ഏത് സ്റ്റേഷനിലും കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരം നല്‍കാം. പോലീസിന് കേസെടുക്കാന്‍ പറ്റുന്ന കുറ്റമാണെങ്കില്‍ സ്റ്റേഷന്‍ പരിധിയില്‍ അല്ലെന്നതിന്റെ പേരില്‍ കേസെടുക്കാതിരിക്കാനാകില്ല. പരിധിക്കു പുറത്തുള്ള സംഭവമാണെങ്കില്‍ സീറോ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് കൈമാറണം. ബലാത്സംഗംപോലുള്ള കേസിലാണ് വിവരം ലഭിക്കുന്നതെങ്കില്‍ പ്രാഥമികാന്വേഷണവും നടത്തണം.

വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനത്തിന് 10 വര്‍ഷം വരെ തടവ്

  • വിവാഹവാഗ്ദാനം നല്‍കി പീഡനം-10 വര്‍ഷം വരെ കഠിനതടവ് (വകുപ്പ് 69)
  • 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാല്‍ ജീവപര്യന്തംമുതല്‍ മരണ ശിക്ഷവരെ ലഭിക്കും. (വകുപ്പ് 70(2))
  • 18-ല്‍ താഴെയുള്ള കുട്ടിയെ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്താല്‍ ശിക്ഷ ഏര്‍പ്പെടുത്തി (വകുപ്പ് 95)
  • ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ ഈ കാലയളവില്‍ കൊലപാതകക്കേസില്‍ പ്രതിയായാല്‍ വധശിക്ഷയോ അതല്ലെങ്കില്‍ ജീവിതാവസാനംവരെ കഠിനതടവോ ലഭിക്കും (വകുപ്പ് 104)
  • സംഘടിത ആക്രമണത്തിന് പ്രത്യേക വകുപ്പ് നല്‍കി. (വകുപ്പ് 111) സംഘടിത ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കും. മരണം സംഭവിച്ചില്ലെങ്കില്‍ ജീവപര്യന്തം തടവുവരെ ലഭിക്കും.
  • എ.ടി.എം. മോഷണം പോലുള്ള ചെറിയ സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ഏഴു വര്‍ഷംവരെ തടവ് ലഭിക്കും(വകുപ്പ് 112)
  • തീവ്രവാദ പ്രവര്‍ത്തനത്തിന് വിശാലമായ അര്‍ഥം നല്‍കി. (വകുപ്പ് 111(1)).

രാജ്യത്തിന്റെ സുരക്ഷ, ഐക്യം, അഖണ്ഡത എന്നിവ തകര്‍ക്കുന്ന പ്രവൃത്തിയുണ്ടായാല്‍ വധശിക്ഷയോ പരോള്‍പോലും ഇല്ലാത്ത ജീവപര്യന്തം തടവോ ലഭിക്കും.

  • രാജ്യത്തിന്റെ പുറത്തുനിന്ന് ഇന്ത്യയില്‍ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമായി (വകുപ്പ് 48)
  • പിടിച്ചുപറി പ്രത്യേക കുറ്റമായി.(വകുപ്പ് 304) മൂന്നുവര്‍ഷംവരെ തടവോ പിഴയോ ശിക്ഷിക്കാം.
  • പ്രകൃതിവിരുദ്ധ ലൈംഗികബന്ധം പുതിയ നിയമത്തില്‍ കുറ്റമല്ലാതായി. ഐ.പി.സി.യിലെ വകുപ്പ് 377 സുപ്രീംകോടതി നേരത്തേ ഭാഗികമായി റദ്ദാക്കിയിരുന്നു.

ശിക്ഷയിലെ വര്‍ധന ഇങ്ങനെ

  • അപകീര്‍ത്തിക്കേസില്‍ രണ്ടുവര്‍ഷംവരെ തടവോ പിഴയോ അതല്ലെങ്കില്‍ സാമൂഹിക സേവനത്തിനോ ശിക്ഷിയ്ക്കാം (356)
  • കൊള്ളയടിച്ചാല്‍ വകുപ്പ് 308 പ്രകാരം ഏഴുവര്‍ഷംവരെ ശിക്ഷിക്കാം. ഐ.പി.സി.യില്‍ മൂന്നു വര്‍ഷമേ ഉണ്ടായിരുന്നുള്ളൂ.
  • വിശ്വാസ വഞ്ചനക്കേസില്‍ വകുപ്പ് 316 പ്രകാരം അഞ്ചു വര്‍ഷംവരെ തടവിന് ശിക്ഷിക്കാം

ഭാരതീയ നാഗരിക് സുരക്ഷാസംഹിത

  • സ്ഥിരം കുറ്റവാളിയുടെ സ്വത്ത് കണ്ടുകെട്ടും- (വകുപ്പ് 86)
  • കുറ്റകൃത്യത്തിലൂടെ സ്വന്തമാക്കിയ സ്വത്ത് ജപ്തി ചെയ്യാം (വകുപ്പ് 107)
  • അന്വേഷണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. (വകുപ്പ് 193) സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെയും പോക്‌സോ കുറ്റങ്ങളുടെയും അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണം
  • വാദം പൂര്‍ത്തിയായാല്‍ കോടതികള്‍ 30 ദിവസത്തിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കണം

ഭാരതീയ സാക്ഷ്യ അധീനിയം

  • ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ നല്‍കുന്ന തെളിവുകള്‍ക്കും നിയമപ്രാബല്യം നല്‍കി (വകുപ്പ് 2(1)ഇ)
  • ഡിജിറ്റല്‍ തെളിവുകള്‍ക്ക് നിയമപ്രാബല്യം നല്‍കി (വകുപ്പ് 61)
Spread the love

Leave a Reply

Your email address will not be published. Required fields are marked *