കണ്ണൂർ: മഴക്കാലത്ത് വിദ്യാർഥികൾ സുരക്ഷിതമായി സ്കൂളുകളിൽ എത്തുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂൾ അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനുള്ള നടപടികൾ സ്വീകരിക്കണം.
ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ കൃത്യമായി അറിയിച്ച് പ്രശ്ന പരിഹാരം കാണണം. കാലവർഷം ശക്തി പ്രാപിക്കുന്ന ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ഫോൺ മുഖേനയും സാമൂഹിക മാധ്യമങ്ങൾ വഴിയും ലഭിക്കുന്നുണ്ട്.
മഴക്കാലത്ത് കാലാവസ്ഥ വകുപ്പിന്റെ റെഡ് അലർട്ട് ഉണ്ടാകുന്ന സാഹചര്യത്തിലാണ് അവധി നൽകുക. അങ്ങനെ അല്ലാത്ത അധ്യയന ദിനങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.