ദില്ലി: നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) അറിയിച്ചു. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമെന്നാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് വിശദീകരിച്ചത്.
അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു