• Sat. Oct 5th, 2024
Top Tags

പൊതുയിടങ്ങളില്‍ മാലിന്യംവലിച്ചെറിയുന്നയര്‍ക്കെതിരെ കര്‍ശനമായ നടപടി വേണം: ജില്ലാ ആസൂത്രണ സമിതി

Bynewsdesk

Jul 6, 2024

പൊതുയിടങ്ങളില്‍ മാലിന്യംവലിച്ചെറിയുന്നയര്‍ക്കെതിരെ കര്‍ശന നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എടുക്കണമെന്ന് ആസൂത്രണ സമിതി ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യ ആവശ്യപ്പെട്ടു.

മാലിന്യ സംസ്‌കരണത്തില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അവസ്ഥ പരിതാപകരമാണ്. ഇതില്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന്
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് പ്രസിഡണ്ട് പറഞ്ഞു.

പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കിയാലും ചിലര്‍ വീണ്ടും മാലിന്യം വലിച്ചെറിയുന്ന പ്രവണതയുണ്ട്. ആവശ്യത്തിന് എം സി എഫ് ഇല്ലാത്ത തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഉള്ളവ വൃത്തിഹീനമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉണ്ട്. ഇതിനും പരിഹാരം കാണണം. ശുചിത്വ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട2023-24 സാമ്പത്തിക വര്‍ഷത്തെ പൂര്‍ത്തിയാക്കുവാനുള്ള പദ്ധതികള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണം.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഹെല്‍ത്ത് ഗ്രാന്റിന്റെ ഭാഗമായി ജില്ലയിലെ ഭൂരിപക്ഷം ആരോഗ്യ കേന്ദ്രങ്ങളും സമീപകാലത്താണ് നവീകരിച്ചത്. അതിനാല്‍ ആരോഗ്യ കേന്ദ്രങ്ങളുടെ നിറം മാറ്റിയാല്‍ മാത്രമെ ഫണ്ട് തരികയുള്ളു എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുവാന്‍ ആസൂത്രണ സമിതിയും ഡി എം ഒ ഓഫീസും ചേര്‍ന്ന് നടപടി സ്വകീരിക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ 2023 – 24 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് കണ്ണൂര്‍ ജില്ലയാണെന്നും ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നില്‍ക്കുന്ന പോരായ്മകള്‍ പരിഹരിച്ച് മുന്നേറാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ പറഞ്ഞു.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സജീവമായി ഇടപെടണമെന്നും കലക്ടര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *