തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷം. 3 പേർ കൂടി പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 159 പേർക്കാണ് കേരളത്തിൽ ഡെങ്കിപ്പനി സ്ഥീകരിച്ചത്. 42 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചു. 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്.
അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പനിബാധിതരുടെ രോഗ വിവര കണക്കുകൾ ഇന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും, 158 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചിരുന്നു. എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗ കണക്കുകൾ ജൂലൈ 1ന് ആരോഗ്യവകുപ്പ് നിർത്തിവെച്ചിരുന്നു.
ശമ്പളം കിട്ടാത്ത എൻ എച്ച് എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകികൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചത്. കഴിഞ്ഞ ദിവസം എൻ എച്ച് എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീരിച്ചത്. കണക്ക് പുറത്തുവിടാത്തിൽ ഓദ്യോഗിക വിശദീകരണമൊന്നും സർക്കാർ നൽകിയിരുന്നില്ല.