തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയുടെയും മറ്റു പകർച്ചവ്യാധികളുടെയും വ്യാപനം അതിരൂക്ഷം. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ. ശനിയാഴ്ച മാത്രം 11,050 പേരാണ് പകർച്ചപ്പനിക്ക് ചികിത്സ തേടിയത്. ഇതിൽ 159 പേർക്ക് ഡെങ്കിയും എട്ടുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 42 എച്ച്1എൻ1 കേസുകളും 32 പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്ത് എച്ച്1എൻ1, എറണാകുളത്ത് ഡെങ്കിയും പിടിമുറുക്കി. അഞ്ചുദിവസത്തിന് ശേഷം സംസ്ഥാനത്തെ പനിബാധിതരുടെ കണക്ക് ശനിയാഴ്ചയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.
മലപ്പുറത്ത് ഞായറാഴ്ച മാത്രം 1749 പേരാണ് പകർച്ചപ്പനിക്ക് ചികിത്സതേടിയത്. കോഴിക്കോട് 1239 പേരും തിരുവനന്തപുരത്ത് 1163 പേരും ചികിത്സതേടി. ഇതെല്ലാം സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്. ഡെങ്കിപ്പനി കൂടുതൽ എറണാകുളത്താണ് 86 കേസുകൾ. തിരുവനന്തപുരം 18, കൊല്ലം 16, ആലപ്പുഴ 14, തൃശൂർ 11 എന്നിങ്ങനെയാണ് ഉയർന്ന ഡെങ്കി കേസുകളുള്ള ജില്ലകൾ. 42 എച്ച്1എൻ1 രോഗികളിൽ 24പേരും തിരുവനന്തപുരത്താണ്.