തിരുവനന്തപുരം: വീണ്ടും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന് നിർദേശം നൽകി. കേരളീയം തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 കോടിയാണ് നീക്കിവെച്ചത്.
കഴിഞ്ഞവർഷ ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴ് വരെയായിരുന്നു കേരളീയമെന്ന പേരിൽ വിവിധ കലാ- സാസ്‌കാരിക പരിപാടികൾ തലസ്ഥാനത്ത് സംഘടിപ്പിച്ചത്.
ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയ സമാപന വേദിയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞതവണ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയിരുന്നത്.