തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെയാണ് കപ്പലിന്റെ ബെർത്തിങ് നടക്കുക. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പലാണ് വിഴിഞ്ഞത്ത് ആദ്യമായി എത്തുന്നത്. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട മെസ്കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോ കപ്പലാണ് കേരള തീരം തൊടുന്നത്. 8,000 മുതൽ 9,000 ടി.ഇ.യു വരെ ശേഷിയുള്ള സാൻ ഫെർണാണ്ടോ കപ്പലിലെ 2,000 കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് ഇറക്കും. തുറമുഖത്തിന്റെ ട്രയൽ റൺ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്‌ഘാടന ചെയ്യും.
അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐ.ടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപ്തംബർ-ഒക്ടോബർ മാസത്തിൽ കമ്മിഷൻ ചെയ്യും. സർക്കാർ പൊതു സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിഴിഞ്ഞം പദ്ധതി കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യ നിക്ഷേപമാണെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.
വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രവർത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. പരിശോധനകൾ പൂർത്തിയാക്കുന്നതിനും പ്രധാന പ്രവർത്തന വൈദഗ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്‌നറുകൾ ഘടിപ്പിച്ച ബാർജുകൾ പോരാ. യഥാർഥ കണ്ടെയ്‌നറുകൾ വിന്യസിക്കുന്ന ട്രയൽ റൺ വിജയിക്കണം. അതിനുവേണ്ടിയാണ് കമ്മിഷനിങ്ങിന് മുമ്പ് ട്രയൽ റൺ നടത്തുന്നത്. പ്രധാനമായും ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണിത്.
ട്രയൽ ഓപ്പറേഷൻ രണ്ടോ മൂന്നോ മാസം തുടരും. ഈ സമയത്ത് വലിയ കപ്പലുകളെത്തും. ട്രയൽ പ്രവർത്തനകാലത്ത് 400 മീറ്റർ നീളമുള്ള കണ്ടെയ്‌നർ കപ്പൽ എത്തും. 12ന് രാവിലെ 10ന് ആദ്യ കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോയെ മുഖ്യമന്ത്രി സ്വീകരിക്കും. മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൾ മുഖ്യാതിഥിയാവും