സമീപകാലത്ത് മലയാളത്തിലും തമിഴിലുമായി നിരവധി പ്രേക്ഷകപ്രീതിയാർജ്ജിച്ച ചിത്രങ്ങളാണ് റീമാസ്റ്റർ ചെയ്തു തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് എത്തിയത്. അപ്പോഴെല്ലാം മലയാളി സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കേൾക്കാൻ കൊതിച്ച വാർത്തയ്ക്ക് ഇപ്പോൾ ജീവൻ വയ്ക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്
ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്ന് മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും. 1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു.
കാലാതീതമായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഓരോ കാഴ്ചയിലും അതിനോടുള്ള അഭിനിവേശം കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്ന മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്തു ചിത്രം വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമ്പോൾ മലയാള സിനിമാ പ്രേമികൾക്ക് അത് മറക്കാനാവാത്ത ഒരു അനുഭവം ആവുമെന്ന് തീർച്ചയാണ്.
മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക പാടവത്തില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവങ്ങളില്‍ ഒന്നായി മാറുകയായിരുന്നു. കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു. എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്.
സോഷ്യൽ മീഡിയകൾ സജീവമായപ്പോൾ സിനിമ ചർച്ചകളിലും ട്രോൾ മീമുകളിലും ഏറ്റവുമധികം നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്. ഓരോ കാഴ്ചകളിലും കൂടുതൽ ഗംഭീരം ആകുന്ന ആ നിത്യഹരിത ഹാസ്യ രംഗങ്ങൾക്കായും, മലയാളികളെ മതിപ്പിച്ച ആ ക്ലൈമാക്സ് രംഗങ്ങളും തിയേറ്ററുകളിൽ അനുഭവിക്കുവാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.