തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 2018ലെ മലയാള ഭാഷാ പഠന ചട്ടങ്ങളിലെ നിർദേശങ്ങൾക്കനുസൃതമായി 2024-25 അക്കാദമിക് വർഷത്തിലും സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താംതരം വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനകൾ നടത്താൻ അതത് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.
പരിശോധന നടത്തി 3 മാസത്തിനകം വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ സ്ക്കൂളിൽ പരിശോധന നടത്തി ഒരു മാസത്തിനുള്ളിൽ ഫോറം-2ൽ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് supdth.dge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം.
ജില്ലയിലെ എല്ലാ സി.ബി.എസ്.ഇ. ഐ.സി.എസ്.സി.ഇ, സൈനിക് സ്കൂൾ, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവിടങ്ങളിലുൾപ്പടെ പരിശോധനകൾ നടത്തണം.
2018ലെ മലയാള ഭാഷ പഠന ചട്ടങ്ങളുടെ അന്ത:സത്ത ഉൾക്കൊണ്ടുതന്നെ ഈ വർഷത്തെ സ്ക്കൂൾ പരിശോധന നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
മുൻ വർഷം പരിശോധന നടത്തിയ റിപ്പോർട്ട് അടിയന്തിരമായി ലഭ്യമാക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് പോലും മലയാളം വായിക്കാൻ അറിയില്ലെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികൾ കർശനമാക്കുന്നത്.