തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ തെരച്ചിൽ ഇന്നും തുടരുകയാണ്. എൻഡിആർഎഫ് സംഘം ഇന്നലെ രാത്രി സ്ഥലത്തെത്തി. ഇന്നലെ രക്ഷാദൗത്യം 13 മണിക്കൂർ പിന്നിട്ടെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയോടെ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.
എൻഡിആർഎഫ്, ഫയർഫോഴ്സ് സ്കൂബ ടീം എന്നിവർ ചേർന്നാണ് ഇന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ജില്ലാ കളക്ടറും മേയറും എൻഡിആർഎഫ് സംഘവും നടത്തിയ ചർച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ചാണ് തെരച്ചിൽ രാവിലെത്തേക്ക് മാറ്റിയത്.
അർധരാത്രി 12ന് ശേഷമാണ് എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയത്. മറ്റൊരു റോബോട്ടിനെ കൂടെ ജെൻ റോബോട്ടിക്സ് ടീം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ക്യാമറ ഘടിപ്പിച്ച് അഴുക്കുചാലിലെ ദൃശ്യങ്ങൾ അടക്കം ലഭ്യമാക്കുന്ന ഡ്രാക്കോ റോബോട്ടിനെയാണ് എത്തിച്ചിട്ടുള്ളത്. റിഫൈനറി ടാങ്കുകൾ വൃത്തിയാക്കുന്നതിനായി നിർമ്മിച്ചിട്ടുള്ളതാണ് ഡ്രാക്കോ. രക്ഷാപ്രവർത്തനത്തിനായി പ്രത്യേകം മാറ്റം വരുത്തിയാണ് ഇപ്പോൾ പരീക്ഷിച്ച് നോക്കുന്നത് .
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് ജോയി ഒഴുക്കിൽപ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോടു കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. നേവിയോടും സഹായമഭ്യര്‍ത്ഥിച്ചതായി കളക്ടര്‍ അറിയിച്ചു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയ്.