ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ എംആർ വിജിയുടെ ആരോപണത്തിന് മറുപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. നിരവധി തവണ റെയിൽവേയെ അറിയിച്ചിരുന്നതായും സാധ്യമായ എല്ലാ രീതികളും നോക്കിയെന്നും മേയർ പറഞ്ഞു.
കോർപ്പറേഷൻ വിളിച്ച ഒരു യോഗത്തിലും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടില്ലെന്ന് മേയർ കുറ്റപ്പെടുത്തി. യോഗത്തിൽ പങ്കെടുക്കാൻ സാധാ ഉദ്യോഗസ്ഥരെയാണ് വിടുന്നതെന്ന് മേയർ പറഞ്ഞു. മാലിന്യ വിഷയത്തിൽ റെയിൽവേയ്ക്ക് നോട്ടീസ് നൽകിയിരുന്നു. അതിനുശേഷം ആണ് ടെൻഡർ നടപടിയിലേക്ക് പോലും റെയിൽവേ കടന്നതെന്ന് മേയർ വ്യക്തമാക്കി.
എവിടെയാണ് റെയിൽവേയുടെ മാലിന്യ സംസ്കരണ പ്ലാന്റെന്നും അതൊന്ന് റെയിൽവേ കാണിച്ചുതരണമെന്നും മേയർ ആവശ്യപ്പെട്ടു. മനുഷ്യ വിസർജ്യം അടക്കമുള്ള മാലിന്യം സംസ്കരിക്കാൻ റെയിൽവേ പ്രോപ്പർട്ടിയിൽ സംവിധാനം ഉണ്ടോയെന്ന് മേയർ ചോദിച്ചു. അതേസമയം റെയിൽവേക്കയച്ച നോട്ടീസുകൾ കോർപ്പറേഷൻ പുറത്തു വിട്ടു. മാലിന്യ നീക്കത്തിനു റെയിൽവേയ്ക്ക് നൽകിയ നോട്ടീസുകളാണ് പുറത്തുവിട്ടത്.