പാലക്കാട്: കുളിക്കാനിറങ്ങി ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലു പേരെയും രക്ഷപ്പെടുത്തി. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. നര്‍ണി ആലാംകടവ് കോസ്വെയ്ക്കു താഴെ ചിറ്റൂര്‍ പുഴയിലാണ് നാലു പേര്‍ കുടുങ്ങിയത്.
മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെയാണ് ചിറ്റൂര്‍ പുഴയില്‍ വെള്ളം ഉയര്‍ന്നത്. ഇതോടെ ഇവര്‍ നാലുപേരും പുഴയുടെ നടുക്കുള്ള പാറയില്‍ കുടുങ്ങുകയായിരുന്നു.
പൊലിസും അഗ്നിരക്ഷാസേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു.
മന്ത്രി കെ കൃഷ്ണന്‍കുട്ടി സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നാലുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.