• Sat. Oct 5th, 2024
Top Tags

നിപ ബാധ സംശയം: ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക്; പ്രോട്ടോകോൾ നടപടികൾ തുടങ്ങി, അന്തിമ ഫലം കാത്ത് സംസ്ഥാനം

Bynewsdesk

Jul 20, 2024

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മലപ്പുറത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.  ഇതിനായി ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നാലുമണിക്കാണ് മലപ്പുറത്ത് വീണ്ടും യോഗം ചേരുക. അപ്പോഴേക്കും ഫലം ലഭിക്കുമെന്നാണ് വിവരം. എന്നാൽ ഫലം വരാൻ കാത്തുനിൽക്കാതെ തന്നെ പ്രോട്ടോകോൾ  പ്രകാരമുള്ള  നടപടികൾ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നിപ ഏകാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിക്ക് പനി ബാധിച്ച് ആദ്യം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ കാണിച്ചു ചികിത്സ നൽകിയിരുന്നു. ഭേദമാകാതെ വന്നതോടെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ കുട്ടിക്ക് ചെള്ള് പനി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് രോഗം മൂർച്ഛിച്ചതോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ഇന്നലെയാണ് ഇവിടെ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *