കേരളത്തിന്റെ സ്വന്തം വാനമ്പാടിക്ക് ഇന്ന് 61-ാം പിറന്നാള്‍. ഏതൊരു സംഗീത പ്രേമിയുടെയും മനസിലേക്ക് ആദ്യം കടന്നു വരുന്ന ഗാനങ്ങള്‍ എടുത്തുനോക്കിയാല്‍ അതില്‍ കെ എസ് ചിത്ര ആലപിച്ച ഗാനങ്ങളുണ്ടായിരിക്കുമെന്ന് നിസംശയം പറയാം. അത്രമേല്‍ സംഗീതാസ്വാദകരെ പിടിച്ചിരുത്തുന്ന സ്വരമാധുര്യമാണ് കെ എസ് ചിത്രയുടേത്. ഭാഷകളുടെയും ദേശങ്ങളുടെയും അതിര്‍ വരുമ്പുകള്‍ ഭേദിച്ച് കെ എസ് ചിത്ര, കന്നഡയുടെ ഗാനകോകിലയും തമിഴ്നാടിന്റെ ചിന്നക്കുയിലും, തെലുങ്കിന്റെ സംഗീത സരസ്വതിയുമായെങ്കിലും മലയാളികള്‍ക്കെന്നും അവരുടെ സ്വന്തം ചിത്രാമ്മയും വാനമ്പാടിയുമാണ്. 1968ല്‍ 5-ാം വയസില്‍ ആകാശവാണിയുടെ ചിത്രനാദത്തിനായി റെക്കോര്‍ഡിംഗ് മൈക്കിന് മുന്നിലെത്തിയപ്പോള്‍ മുതലാണ് ആ കുഞ്ഞുസ്വരം മലയാളികള്‍ കേട്ടു തുടങ്ങിയത്. അന്നു മുതല്‍ ഇന്ന് വരെ, കേട്ടാല്‍ അതില്‍ അലിഞ്ഞുചേരുന്ന സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ കെ എസ് ചിത്ര കൊണ്ടെത്തിക്കുന്നു. 1979ല്‍ അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് സിനിമാ രംഗത്തേക്കുള്ള തുടക്കം. 14-ാം വയസില്‍ അട്ടഹാസം എന്ന ചിത്രത്തിനായി ഗാനങ്ങള്‍ ആലപിച്ചതോടെ കെ എസ് ചിത്ര എന്ന മഹാഗായികയെ സംഗീത ലോകം തിരിച്ചറിഞ്ഞു. പിന്നീട് സംഗീത പ്രേമികള്‍ക്ക് ചിത്ര സമ്മാനിച്ചതെല്ലാം സൂപ്പര്‍ഹിറ്റ് പാട്ടുകളായിരുന്നു.