വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും ദൗത്യം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി സൈന്യം പുറപ്പെട്ടു കഴിഞ്ഞു. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും ഉണ്ട്. രാത്രിയിൽ നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും പുനരാരംഭിച്ചത്.
ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് 1167 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിന്റെ കഡാവർ നായകളും തെരച്ചിലിനുണ്ട്. അതേസമയം, മണ്ണിനടിയിലുള്ളവരെ കണ്ടെത്താൻ ഐബോഡ് ഉപയോഗിക്കും. രക്ഷാപ്രവർത്തനത്തിന് റിട്ട മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ നാവികസേനയും രംഗത്തുണ്ട്.
അതേസമയം, മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം കൂടി വരികയാണ്. 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അതേസമയം, ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്