വയനാട് ദുരന്തത്തിൽ തകർന്ന വെള്ളാർ മല സ്കൂൾ പുനർ നിർമ്മിക്കുക ടൗൺഷിപ്പുമായി ബന്ധപ്പെട്ട പദ്ധതിയുടെ രൂപം ആയ ശേഷമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മേപ്പാടി സ്കൂളിൽ താത്കാലികമായി വിദ്യാഭ്യാസം നൽകുന്ന കാര്യം മുഖ്യ പരിഗണയെന്നും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കുട്ടികളുടെ ഗതാഗതത്തിന് കെഎസ്ആർടിസി യുടെ സഹായം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കമ്പ്യൂട്ടർ നഷ്ടപ്പെട്ട കുട്ടികൾക്ക് കൈറ്റ് വഴി നൽകും. ദുരന്തം ബാധിച്ച രണ്ടു സ്കൂളുകളിലും പരീക്ഷ മാറ്റിവെച്ചതായി മന്ത്രി അറിയിച്ചു. പരീക്ഷ മാറ്റിവെക്കേണ്ട മറ്റ് സ്കൂളുകൾ ഉണ്ടെങ്കിൽ അതും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
മുണ്ടക്കൈ എൽപി സ്കൂളിൽ 73 കുട്ടികളും, വെള്ളാർമല ഹൈസ്കൂളിൽ 497 കുട്ടികളും വെള്ളാർമല വിഎച്ച്എസ്സിയിൽ 88 കുട്ടികളുമാണുള്ളത്. രണ്ട് സ്കൂളിലെയും കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റിയേക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ പുനർനിർമ്മിച്ച് നൽകുന്നതിന് തയാറാണെന്ന് മന്ത്രി പറഞ്ഞു. ടൗൺഷിപ്പിന്റെ കാര്യം കൂടി അറിഞ്ഞശേഷമാകും ഇതിൽ തീരുമാനം ഉണ്ടാകൂവെന്ന് മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ തയാറാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളുടെ പ്രിൻ്റിങ് ആരംഭിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.