വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരുന്നു
. ഇന്നലെ സൂചിപ്പാറ മലയിൽ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്കിറങ്ങി തെരച്ചിൽ നടത്തിയിരുന്നു. മൃതദേഹങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇന്നും സമാനരീതിയിലുള്ള പരിശോധന തുടരാൻ തന്നെയാണ് തീരുമാനം..
പുഞ്ചിരി മട്ടത്തും, മുണ്ടക്കയിലും 90 ശതമാനം പരിശോധനകൾ പൂർത്തിയായി എന്നാണ് സർക്കാരിന്റെ നിലപാട്. സൈന്യം പറയുന്നതനുസരിച്ചുള്ള പോയിന്റുകളിൽ ഇന്നും തിരച്ചിൽ തുടരും. ഉരുൾപൊട്ടലിൽ 398 പേർ മരിച്ചെന്ന് സ്ഥിരീകരണം. തിരിച്ചറിയാത്ത 37 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളുമാണ് ഇതുവരെ സംസ്‌കരിച്ചത്. ഡിഎൻഎ സാമ്പിൾ സൂചിപ്പിക്കുന്ന നമ്പറുകൾ കുഴിമാടങ്ങളിൽ സ്ഥാപിച്ച കല്ലുകളിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
64 സെന്റ് സ്ഥലമാണ് ശ്മശാനത്തിനായി പുത്തുമലയിൽ സർക്കാർ ആദ്യം ഏറ്റെടുത്തത്. 25 സെന്റ് അധികഭൂമി കൂടി അധികമായി ഏറ്റെടുത്തു. ഇതുവരെ ലഭിച്ചവയിൽ തിരിച്ചറിയാത്ത മറ്റ് ശരീര ഭാഗങ്ങളും ഇതേ സ്ഥലത്തുതന്നെ സംസ്‌കരിക്കും. മുണ്ടക്കൈയിൽ തിരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ചാലിയാർ പുഴയിലും തിരച്ചിൽ തുടരും.