ഓരോ മഴക്കാലവും കേരളത്തിന് തീരാനോവാണ്. ഇത്തവണ മുണ്ടക്കൈ എങ്കിൽ അഞ്ച് വർഷം മുമ്പ് അത് കവളപ്പാറയും പുത്തുമലയുമായിരുന്നു. 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിനും 17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിനും ഇന്ന് അഞ്ചാണ്ട് തികയുകയാണ്.
2019 ഓഗസ്റ്റ് എട്ടിനായിരുന്നു മേപ്പാടി പച്ചക്കാട് ഉണ്ടായ ഉരുൾപൊട്ടൽ പുത്തുമലയിൽ വൻ നാശം വിതച്ചത്. 58 വീടുകൾ പൂർണമായും 20 ലേറെ വീടുകൾ ഭാഗികമായും തകർത്താണ് പുത്തുമലയിലൂടെ ചെളിയും കല്ലുകളും കുത്തിയൊലിച്ചിറങ്ങിയത്. അപകടത്തിൽപ്പെട്ട 5പേരെ കണ്ടെത്താൻ കഴിയാതെയാണ് അന്ന് തിരച്ചിൽ അവസാനിപ്പിച്ചത്. പുത്തുമലയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയും ചൂരൽമലയും.ഉരുൾപ്പൊട്ടയതിനെ തുടർന്ന് പുത്തുമലയിൽ നിന്ന് നേരത്തെ കുടുംബങ്ങൾ കുടിയൊഴിഞ്ഞുപോയ ഭൂമിയിലാണ് മുണ്ടക്കൈ അപകടത്തിൽ മരിച്ചവരിൽ മൃതദേഹം സംസ്കരിക്കുന്നത്.
11 പേർ ഇപ്പോഴും ദുരന്തഭൂമിയില്‍ മണ്ണിനടിയിൽ
കവളപ്പാറയിൽ 59 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലില്‍ 11പേർ കണ്ടെത്താനാവാതെ ഇപ്പോഴും ദുരന്തഭൂമിയില്‍ മണ്ണിനടിയിലാണ്. അഞ്ചുവര്‍ഷം മുമ്പ് ഇതേദിവസം ഒരു രാത്രിയിലാണ് ഒരു ഗ്രാമം തന്നെ മണ്ണിടിഞ്ഞ് ഇല്ലാതായത്
2019 ഓഗസ്റ്റ് 8ന് രാത്രി ഏഴരയോടെയാണ് മുത്തൻപ്പൻ കുന്ന് കവളപ്പാറ ഗ്രാമത്തിന് മുകളിലേക്ക് പതിച്ചത്.രണ്ട് ദിവസമായി നിലയ്ക്കാതെ പെയ്ത മഴയിലാണ് മുകളിലെ കുന്ന് ഇടിഞ്ഞ് താഴെ താമസിക്കുന്നവരുടെ ജീവെനടുത്തത്. പിറ്റേന്ന് വെളുപ്പിനാണ് രാത്രിയുണ്ടായ അപകടം പുറം ലോകം അറിഞ്ഞത്
20 ദിവസം നീണ്ട തിരച്ചിൽ 48 മൃതദേഹങ്ങൾ മണ്ണിനടിയില്‍ നിന്ന് കിട്ടി.11 പേർ ഇപ്പോഴും മണ്ണിനടിയിൽ ഉറങ്ങുന്നു